17ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും പല്ലും നഖവുമെടുത്ത് പ്രതിരോധിച്ച് നീലപ്പട; തോല്‍വിയിലും കയ്യടി

ഇന്ത്യന്‍ പ്രതിരോധനിര താരം രാഹുല്‍ ഭേക്കെയാണ് ഹാന്‍ഡ്‌ബോളില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ടതോടെ പുറത്തേക്ക് പോയത്
ഇന്ത്യ-ഖത്തര്‍ മത്സരത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍
ഇന്ത്യ-ഖത്തര്‍ മത്സരത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍

ദുബായി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്ക് മുന്‍പില്‍ ഒരു ഗോളിന് തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ നിലക്കൂപ്പായക്കാര്‍ മടങ്ങുന്നത് ആരാധകരുടെ കയ്യടി നേടി. 17ാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും തുരുതുരാ പോസ്റ്റിലേക്ക് ഖത്തര്‍ ആക്രമണം വന്നെത്തിയിട്ടും സ്റ്റിമാക്കും കൂട്ടരും വഴങ്ങിയത് ഒരു ഗോള്‍ മാത്രം. 

ഇന്ത്യന്‍ പ്രതിരോധനിര താരം രാഹുല്‍ ഭേക്കെയാണ് ഹാന്‍ഡ്‌ബോളില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ടതോടെ പുറത്തേക്ക് പോയത്. ഇന്ത്യന്‍ പോസ്റ്റിലേക്ക് മാത്രമായി കളി ചുരുങ്ങിയിട്ടും തുടരെ വന്ന ഖത്തറിന്റെ ആക്രമണങ്ങള്‍ ലക്ഷ്യം കാണാതിരിക്കാന്‍ ജിങ്കാനും കൂട്ടരും ചേര്‍ന്ന് പ്രതിരോധ കോട്ട കെട്ടി ഉറപ്പിച്ചു. 

എന്നാല്‍ ഖത്തറിന്റെ ശ്രമങ്ങളിലൊന്ന് 45ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സിനുള്ളിലെ ഇന്ത്യന്‍ ഡിഫന്റര്‍മാരേയും ഗുര്‍പ്രീത് സന്ധുവിനേയും ഒരു നിമിഷത്തേക്ക് നിശബ്ദരാക്കി അബ്ദുല്‍ അസീസ് ഹാതിം ഗോള്‍ വല ചലിപ്പിച്ചു. ആദ്യ പകുതിയില്‍ ആഷിഖ് കരുണിയന് ഖത്തര്‍ ഗോള്‍മുഖത്ത് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങില്‍ മികവ് കാണിക്കാനായില്ല. 

38 ഷോട്ടുകളാണ് കളിയില്‍ ഖത്തറില്‍ നിന്ന് വന്നത്. ഷോട്ട് ഓണ്‍ ടാര്‍ജറ്റിലേക്ക് എത്തിയത് 10 ഷോട്ടും. കളി ഭൂരിഭാഗം സമയവും ഇന്ത്യന്‍ ഗോള്‍ മുഖത്തായിരുന്നു. പത്ത് പേരും പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഭാഗത്ത് നിന്ന് വിരളമായിരുന്നു. 91 ശതമാനമായിരുന്നു ഖത്തറിന്റെ പാസ് കൃത്യത. 235 പാസുകള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വന്നപ്പോള്‍ 659 പാസുകളാണ് ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com