വിവാദങ്ങൾ ഒഴിയാതെ ഫ്രഞ്ച് ഓപ്പൺ; മത്സരം ഒത്തുകളിച്ചതിന് റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ

വിവാദങ്ങൾ ഒഴിയാതെ ഫ്രഞ്ച് ഓപ്പൺ; മത്സരം ഒത്തുകളിച്ചതിന് റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ
യാന സിസികോവ/ ട്വിറ്റർ
യാന സിസികോവ/ ട്വിറ്റർ

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വിവാദങ്ങൾ ഒഴിയുന്നില്ല. ടൂർണമെന്റിനിടെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഒരു വനിതാ താരം അറസ്റ്റിലായതാണ് ഏറ്റവും പുതിയത്. റഷ്യൻ താരം യാന സിസികോവയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിനിടെ നടന്ന ഒരു ഡബിൾസ് മത്സരത്തിൽ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഇത്തവണ സിസികോവ ഉൾപ്പെട്ട സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഫ്രഞ്ച് ഓപ്പണിൽ വനിതാ വിഭാഗത്തിലെ ഒരു ഡബിൾസ് മത്സരത്തിൽ ഒത്തുകളി നടന്നതായി ആരോപണം ഉയർന്നിരുന്നു. സിസികോവ– യുഎസ് താരം മാഡിസൻ ബ്രെംഗിൾ സഖ്യവും റുമാനിയൻ താരങ്ങളായ ആൻഡ്രിയ മിട്ടു – പട്രീഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പാരിസ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 

ഈ മത്സരവുമായി ബന്ധപ്പെട്ട് ഫ്രാൻസിനു പുറത്ത് വിവിധ രാജ്യങ്ങളിൽ വൻതോതിൽ വാതുവയ്പ് നടന്നതോടെയാണ് സംശയം ഉടലെടുത്തത്. ഇതേക്കുറിച്ച് പിന്നീട് പരാതിയും ഉയർന്നു. മത്സരത്തിൽ സിസികോവ ചില അസാധാരണ പിഴവുകൾ വരുത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ റഷ്യയിൽ നിന്നുള്ള സഹതാരം ഏകതെരീന അലെക്സാൻഡ്രോവയ്‌ക്കൊപ്പം ഡബിൾസിൽ മത്സരിച്ച സിസികോവ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായി. ഓസ്ട്രേലിയയിൽ നിന്നുള്ള സ്റ്റോം സാൻഡേഴ്സ് – അജ്‌ല ടോംജനോവിച്ച് സഖ്യത്തോട് 6–1, 6–1 എന്ന സ്കോറിനാണ് സിസികോവ – അലെക്സാൻഡ്രോവ സഖ്യം തോറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com