‌ടി20 ലോകകപ്പും ഇന്ത്യക്ക് പുറത്തേക്ക്? വേദി മാറ്റത്തില്‍ പൂര്‍ണ സമ്മതം മൂളാതെ ബിസിസിഐ

‌ടി20 ലോകകപ്പും ഇന്ത്യക്ക് പുറത്തേക്ക്? വേദി മാറ്റത്തില്‍ പൂര്‍ണ സമ്മതം മൂളാതെ ബിസിസിഐ
സൗരവ് ഗാംഗുലി/ഫയല്‍ ഫോട്ടോ
സൗരവ് ഗാംഗുലി/ഫയല്‍ ഫോട്ടോ

ദുബായ്: ടി20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്ത്യയില്‍ നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതായി റിപ്പോര്‍ട്ടുകള്‍. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലായി ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി തീരുമാനമെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യമാണ് ടൂര്‍ണമെന്റ് നടത്തിപ്പില്‍ ബിസിസിഐക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. 

വേദി മാറ്റുന്നതിനോട് ബിസിസിഐക്ക് പൂര്‍ണ സമ്മതം ഇപ്പോഴും ആയിട്ടില്ലെങ്കിലും നടപടികളുമായി മുന്നോട്ട് പോകാന്‍ ഐസിസി യോഗത്തില്‍ ബിസിസിഐ അധികൃതര്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഒന്നിന് ഐസിസി ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോക പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇക്കാണ് പ്രഥമ പരിഗണന. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റാണ് നാലാമത്തെ വേദിയായി ആലോചിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയാണ് മറ്റ് വേദികള്‍. 

വേദി മാറ്റം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഐസിസി യോഗത്തില്‍ ബിസിസിഐ നാലാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. ഐസിസി തീരുമാനത്തെ കാര്യമാക്കുന്നില്ലെന്നും ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുമെന്നാണ് ബിസിസിഐ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു അംഗം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുമോ എന്ന് അറിയിക്കാന്‍ ബിസിസിഐയ്ക്ക് ഈ മാസം 28 വരെ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. 

ഐസിസി അംഗങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ എങ്ങനെ ടൂര്‍ണമെന്റ് നടത്തുമെന്നാണ് മറ്റ് അംഗങ്ങള്‍ സംശയം ഉന്നയിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐ സമയം തള്ളിനീക്കുകയാണെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. 

ഈ മാസം 28ന് ഇന്ത്യ ടൂര്‍ണമെന്റ് നടത്താന്‍ സമ്മതം മൂളിയാല്‍ തന്നെ കോവിഡ് മൂന്നാം തരംഗം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റ് നടത്തിപ്പ് അനായാസം സാധിക്കുമെന്ന് എങ്ങനെ മുന്‍കൂട്ടി ബിസിസിഐക്ക് പറയാന്‍ സാധിക്കുമെന്നും അംഗങ്ങള്‍ ചോദ്യമുന്നയിക്കുന്നു. 

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ വന്ന് കളിക്കാന്‍ ഭൂരിപക്ഷം വിദേശ കളിക്കാരും ആഗ്രഹിക്കുന്നില്ല. അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ നേരത്തെ തന്നെ തീരുമാനം ആയിട്ടുണ്ട്. ഐപിഎല്‍ അവസാനിച്ചാല്‍ ഗ്രൗണ്ടുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയവും അവര്‍ക്ക് ലഭിക്കും. അതിനാല്‍ 16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് പോരാട്ടം യുഎഇയില്‍ നടത്തുന്നതിന് നിലവില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വിദേശ താരങ്ങളും ഇതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com