അഞ്ചിൽ അഞ്ചും ജയിച്ച് ബ്രസീലിന്റെ ആഘോഷം, കോപ്പ അമേരിക്ക കളിക്കില്ലെന്ന് ബ്രസീൽ താരങ്ങളുടെ നിലപാടോടെ ആശങ്ക

ജയത്തോടെ ബ്രസീലിന് 5 കളിയിൽ നിന്ന് 15 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുമായി നാല് പോയിന്റ് വ്യത്യാസം
ഇക്വഡോറിന് എതിരെ ​ഗോൾ നേടിയ ബ്രസീൽ താരങ്ങളുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
ഇക്വഡോറിന് എതിരെ ​ഗോൾ നേടിയ ബ്രസീൽ താരങ്ങളുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ

പോർട്ടോ അലെ​ഗ്ര: ലാറ്റിനമേരിക്കൻ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ അഞ്ചിൽ അഞ്ചിലും ജയം പിടിച്ച് ബ്രസീൽ ഒന്നാമത്. ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് നെയ്മറും സംഘവും തകർത്തത്. ജയത്തോടെ ബ്രസീലിന് 5 കളിയിൽ നിന്ന് 15 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുമായി നാല് പോയിന്റ് വ്യത്യാസം.

65ാം മിനിറ്റിൽ റിച്ചാർലിസനാണ് ബ്രസീലിന് വേണ്ടി അക്കൗണ്ട് തുറന്നത്. നെയ്മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഇത്. 90ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മറിൽ നിന്നായിരുന്നു രണ്ടാമത്തെ ​ഗോൾ. ജീസസിനെ പ്രൊക്യാഡോ ഫൗൾ ചെയ്തതിനാണ് ഇവിടെ പെനാൽറ്റി ലഭിച്ചത്. എന്നാൽ ആദ്യം ഈ പെനാൽറ്റി എടുത്ത നെയ്മർക്ക് പിഴച്ചപ്പോൾ പന്ത് ​ഗോൾ കീപ്പറുടെ കൈകളിലേക്ക് എത്തി. പക്ഷേ നെയ്മർ കിക്ക് എടുക്കും മുൻപ് ​ഗോൾ ലൈനിൽ നിന്ന് ​ഗോൾകീപ്പർ നീങ്ങിയതായി റഫറി വിധിച്ചു. വീണ്ടും സ്പോട്ട് കിക്കെടുക്കാൻ ലഭിച്ച അവസരം നെയ്മർ ഇവിടെ പാഴാക്കിയില്ല.   ഫുട്ബോൾ വാർത്തകൾ കായിക വാർത്തകൾ

എന്നാൽ ജയത്തിന് ഇടയിൽ കോപ്പ അമേരിക്ക ടൂർണമെന്റിന് മുകളിൽ ആശങ്ക ഉയർത്തി ബ്രസീൽ കളിക്കാരുടെ പ്രതികരണങ്ങളും എത്തി. ബ്രസീൽ വേദിയാവുന്ന കോപ്പ അമേരിക്കയിൽ കളിക്കാൻ താത്പര്യമില്ലെന്നാണ് ബ്രസീൽ താരങ്ങൾ നിലപാടെടുത്തിരിക്കുന്നത്. ബ്രസീലിലെ ഉയർന്ന കോവിഡ് കണക്കുകൾ ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. ബ്രസീൽ കോപ്പ അമേരിക്ക വേദിയായി നിശ്ചയിച്ചതിന് എതിരെ രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് പേർ കോവിഡ് ബാധിച്ച് ബ്രസീലിൽ മരിക്കുമ്പോൾ എങ്ങനെ ഇതുപോലൊരു ടൂർണമെന്റ് നടത്താനാവും എന്ന ചോദ്യമാണ് ബ്രസീൽ താരങ്ങളും ഉന്നയിക്കുന്നത്. 

470,000 പേർ ഇതുവരെ കോവിഡ് ബാധിച്ച് ബ്രസീലിൽ മരിച്ചു. ബ്രസീൽ വേദിയാവുന്ന കോപ്പ അമേരിക്കയിൽ കളിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ബ്രസീൽ താരങ്ങൾ ബ്രസീൽ ഫുട്ബോൾ കോൺഫഡറേഷൻ പ്രസിഡന്റുമായി സംസാരിച്ചു. ഇക്കര്യത്തിൽ തീരുമാനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്. 

അർജന്റീനയും കൊളംബിയയുമായിരുന്നു ഈ വർഷം കോപ്പ അമേരിക്കയ്ക്ക് വേദിയൊരിക്കേണ്ടിയിരുന്നത്. എന്നാൽ കൊളംബിയ ആദ്യം പിന്മാറി. പിന്നാലെ കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ അർജന്റീനയിൽ ടൂർണമെന്റ് നടത്താനാവില്ലെന്ന് കോൺമെബോളും വ്യക്തമാക്കി. ഇതോടെ കോപ്പ അമേരിക്ക ബ്രസീലിലേക്ക് എത്തി. ഫൈനൽ മാരക്കാന സ്റ്റേഡിയത്തിൽ നടത്തും എന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളും വന്ന് കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com