‘ഇന്ത്യ കരുത്തരാണ്, എന്നാൽ മുൻതൂക്കം കിവികൾക്ക് തന്നെ‘- യുവരാജ് പറയുന്നു

‘ഇന്ത്യ കരുത്തരാണ്, എന്നാൽ മുൻതൂക്കം കിവികൾക്ക് തന്നെ‘- യുവരാജ് പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന്റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മുൻ താരങ്ങളിൽ പലരും ഇപ്പോൾ പ്രവചനങ്ങളുമായി രം​ഗത്ത് വരുന്നുണ്ട്. ചിലർ ഇന്ത്യക്ക് മുൻതൂക്കം പ്രവചിക്കുമ്പോൾ ചിലർ ന്യൂസിലൻഡിനൊപ്പമാണ്. ഈ മാസം 18 മുതൽ ഇം​ഗ്ലണ്ടിലെ സതാംപ്ടനിലാണ് ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ. 

ഫലം പ്രവചിക്കുന്നവരുടെ പട്ടികയിലേക്ക് ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം യുവരാജ് സിങും എത്തി. ഇന്ത്യയേക്കാൾ മുൻതൂക്കം ന്യൂസിലൻഡിനാണെന്ന അഭിപ്രായമാണ് യുവിക്കുള്ളത്. ഇന്ത്യൻ ടീം കരുത്തരാണെന്നതിൽ സംശയമില്ലെങ്കിലും, മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് കളിക്കുന്നത് ടീമിനെ ബാധിക്കുമെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. ന്യൂസിലൻഡ് ടീമാകട്ടെ, നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തി ആതിഥേയരുമായി ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവർക്ക് മുൻതൂക്കം നൽകുമെന്നാണ് യുവരാജിന്റെ നിലപാട്.

‘ടെസ്റ്റ് ക്രിക്കറ്റിനെ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള ഈ നീക്കം (ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്) അഭിനന്ദനീയമാണ്. ഇന്ത്യൻ ടീം കരുത്തരാണെന്നതിൽ ആർക്കും സംശയമില്ല. അടുത്ത കാലത്തായി ഇന്ത്യയ്ക്കു പുറത്തും ടീമിന്റെ പ്രകടനം ഉജ്വലമാണ്. എവിടെയും ജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഈ ടീമിന്റെ മുഖമുദ്ര’ – യുവരാജ് സിങ് ചൂണ്ടിക്കാട്ടി.

‘പക്ഷേ, ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. മാത്രമല്ല, ഫൈനൽ പോരാട്ടത്തിന് ഡ്യൂക് ബോളാണ് ഉപയോഗിക്കുക. ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വാസ്തവത്തിൽ സമയം ആവശ്യമാണ്. എങ്കിലും എന്റെ പിന്തുണ ഇന്ത്യയ്ക്കു തന്നെയാണ്. ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ച് കിരീടം ചൂടട്ടെ’ – യുവി പറഞ്ഞു.

‘ഇന്ത്യയുടെ ബാറ്റിങ് നിര താരതമ്യേന കരുത്തുറ്റതാണ്. ബൗളിങ്ങിൽ ഇരു ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. പക്ഷേ, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന് ടെസ്റ്റ് ശൈലിയിലേക്ക് മാറാൻ അൽപം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കാരണം ഐപിഎൽ കളിച്ചതിനു ശേഷമാണ് അവർ ഇവിടേക്കു വരുന്നത്. ഒരിടത്ത് കൂടുതൽ കളിക്കുന്നതിന് അനുസരിച്ച് സാഹചര്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടാനാകും. നേരെ വന്ന് ടെസ്റ്റ് കളിക്കുന്നത് ഇന്ത്യയ്ക്ക് അൽപം പ്രയാസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ന്യൂസിലൻഡിന് അൽപം മുൻതൂക്കമുണ്ട് എന്നത് വാസ്തവമാണ്’ – യുവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com