ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഫൈനല്‍ ഒക്ടോബര്‍ 15ന്

ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഫൈനല്‍ ഒക്ടോബര്‍ 15ന്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പാതി വഴിയില്‍ നിര്‍ത്തി വച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ടം നടത്തുന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായതായി റിപ്പോര്‍ട്ടുകള്‍. യുഎഇയില്‍ നടത്താന്‍ തീരുമാനിച്ച ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 15ന് ഫൈനല്‍ പോരാട്ടവും അരങ്ങേറും. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത പുറത്തു വിട്ടത്. 

ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിററ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വിജയം കണ്ടതായും തീയതികള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായാണ് അരങ്ങേറുക. 

ഐപിഎല്‍ രണ്ടാം ഘട്ടം നടത്തിയാലും മിക്ക ടീമുകളിലേയും വിദേശ താരങ്ങളെ അയക്കാന്‍ അവിടങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ വിസമ്മതം അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ബസിസിഐ വൃത്തങ്ങള്‍ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല. 

'വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അവരില്‍ മിക്ക താരങ്ങളേയും കളിപ്പിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇനി താരങ്ങള്‍ക്ക് എത്താന്‍ സാധിക്കില്ല എങ്കില്‍ എന്തു വേണമെന്ന് അപ്പോള്‍ തീരുമാനിക്കും. നിലവില്‍ 14ാം അധ്യായത്തിന്റെ ബാക്കി വിജയകരമായി തന്നെ യുഎഇയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്'- ബിസിസിഐ ഒഫിഷ്യല്‍ വ്യക്തമാക്കി. 

വിദേശ താരങ്ങളെ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം ബിസിസിഐ കൈക്കൊള്ളുമെന്നു തന്നെയാണ് ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നത്. 'ഇക്കാര്യം സംബന്ധിച്ച് ബിസിസിഐ വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുകയും താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നു. ബിസിസിഐ എടുക്കുന്ന നിലപാട് അറിയാനായി കാത്തിരിക്കുകയാണ്'- ഫ്രാഞ്ചൈസി ഒഫീഷ്യലുകളില്‍ ഒരാള്‍ പറഞ്ഞു. 

'വിദേശ താരങ്ങളുടെ അഭാവം ടീമിന്റെ സന്തുലിതാവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. കാര്യങ്ങള്‍ അനുകൂലമായി തന്നെ ഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്'- ടീം ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com