'ഋഷഭ് പന്ത് ആയിരുന്നെങ്കില്‍ പൊളിച്ചേനെ, അതാണ് അവന്റെ ഹീറോയിസം'- ഇം​ഗ്ലണ്ടിനെ ട്രോളി ആരാധകർ

'ഋഷഭ് പന്ത് ആയിരുന്നെങ്കില്‍ പൊളിച്ചേനെ, അതാണ് അവന്റെ ഹീറോയിസം'-ഇം​ഗ്ലണ്ടിനെ ട്രോളി ആരാധകർ
ഫോട്ടോ: സോഷ്യൽ മീ‍ഡിയ
ഫോട്ടോ: സോഷ്യൽ മീ‍ഡിയ

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ലഭിച്ച അവസരം വിരസമായ സമനിലയില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന്റെ സമീപനം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒരു ദിവസവും പത്ത് വിക്കറ്റുകളും കൈയിലിരിക്കെ ഇംഗ്ലണ്ടിന് വിജയിക്കാന്‍ വെറും 273 റണ്‍സ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാല്‍ റൂട്ടും സംഘവും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 

ഇംഗ്ലീഷ് ഓപണര്‍ ഡോം സിബ്‌ലിയുടെ ബാറ്റിങ് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. താരം 207 പന്തുകള്‍ നേരിട്ട് വെറും 60 റണ്‍സാണ് കണ്ടെത്തിയത്. താരത്തിന്റെ സമീപനത്തില്‍ നിന്നു തന്നെ ഇംഗ്ലണ്ട് താരങ്ങളുടെ ശരീര ഭാഷ വ്യക്തമായിരുന്നു. 

ഇംഗ്ലണ്ട് വിജയിക്കാന്‍ ശ്രമിക്കാതിരുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപണര്‍ വസിം ജാഫര്‍ ട്വിറ്ററില്‍ കുറിപ്പിട്ടു. ഒരോവറില്‍ 3.6 റണ്‍സ് മാത്രം എടുത്താല്‍ മതിയായിരുന്ന ഒരു മത്സരം പിന്തുടര്‍ന്ന് വിജയിക്കാന്‍ ശ്രമിക്കാതിരുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളൊന്നും വിഷയമല്ലാത്തതിനാലാണോ എന്ന് ജാഫര്‍ ചോദിക്കുന്നു. പിന്നെ എപ്പോഴാണ് നിങ്ങള്‍ ഇത്തരം ശ്രമങ്ങളൊക്കെ നടത്തുക. ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് നല്ല കീഴ്‌വഴക്കമല്ലെന്നും ജാഫര്‍ ഓര്‍മിപ്പിക്കുന്നു. 

ഈ കുറിപ്പിന് താഴെ മറുപടിയുമായി എത്തിയ ആരാധകര്‍ ഇന്ത്യന്‍ യുവ താരം ഋഷഭ് പന്തിന്റെ ഹീറോയിസത്തെ പ്രശംസിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിന്റെ പോരാട്ടത്തെയാണ് ഇവിടെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. പന്തിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 

പന്തിനെ പോലെ ഒരു ബാറ്റ്‌സ്മാനുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ഇതുകൊണ്ടൊക്കെയാണ് പന്ത് ഓസ്‌ട്രേലിയയില്‍ പുറത്തെടുത്ത ഇന്നിങ്‌സ് ശ്രദ്ധേയമാകുന്നത്. വിദേശത്തെ പിച്ച്, ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിര എന്നിട്ടും അഞ്ചാം ദിനത്തില്‍ വലിയ ടോട്ടല്‍ പിന്തുടരാന്‍ അയാള്‍ ധൈര്യം കാണിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒരോവറില്‍ അഞ്ച് ബൗണ്ടറികള്‍ പായിച്ചതും സ്മരണീയം. ഒരു ആരാധകന്‍ കുറിച്ചു. 

ഓസ്‌ട്രേലിയക്കെതിരെ ഗാബ ടെസ്റ്റില്‍ ഇന്ത്യക്ക് അവസാന ദിനത്തില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 325 റണ്‍സായിരുന്നു. ഇന്ത്യന്‍ ടീം അന്ന് പ്രകടിപ്പിച്ച ഇച്ഛാശക്തി ഈ ഇംഗ്ലണ്ട് ടീമിന് ഇല്ലാതെ പോയി. അവര്‍ക്ക് വിജയിക്കാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പോയാണ് വിജയിച്ചത്. ഇംഗ്ലണ്ട് സ്വന്തം നാട്ടിലെ ഗ്രൗണ്ടിലാണ് കളിക്കുന്നത്. മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com