ശരീരത്തെ കേൾക്കാതെ വയ്യ, ഇത്രയും സമ്മർദ്ദത്തിൽ കളിക്കാനാവില്ല; ഫ്രഞ്ച് ഓപ്പണിൽനിന്നു പിൻമാറി ഫെഡറർ 

മൂന്നര മണിക്കൂറിലധികം നീണ്ട 3–ാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടിയ ശേഷമാണ് താരം പിന്മാറാൻ തീരുമാനിച്ചത്
റോജർ ഫെഡറർ/ഫയല്‍ ചിത്രം
റോജർ ഫെഡറർ/ഫയല്‍ ചിത്രം

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു നവോമി ഒസാകയുടെ പിൻമാറ്റത്തിന് പിന്നാലെ ആരാധകരെ ഞെട്ടിച്ച് റോജർ ഫെഡററും  ടൂർണമെന്റിൽനിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിച്ചു. കളിമൺ കോർട്ടിലെ കളി കാൽമുട്ടിനു ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെത്തുടർന്നാണു  താരം പിന്മാറാൻ തീരുമാനിച്ചത്. 

ജർമനിയുടെ ഡൊമിനിക് കോഫറിനെതിരെ മൂന്നര മണിക്കൂറിലധികം നീണ്ട 3–ാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടിയ ശേഷമാണ് താരം പിന്മാറുകയാണെന്ന് അറിയിച്ചത്. അന്നത്തെ കളി കഴിഞ്ഞ് മുട്ടിലെ പരുക്കിനെക്കുറിച്ചുള്ള ആശങ്കയും ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും ഫെഡറർ അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പിന്മാറ്റം ഔദ്യോ​ഗികമായി അറിയിച്ചത്. ഫലത്തിൽ താരത്തിന്റെ കരിയറിലെ അവസാന ഫ്രഞ്ച് ഓപ്പണായി ഇതുമാറിയേക്കും. 

കഴിഞ്ഞ ഒന്നരവർഷത്തിനിടെയുള്ള ഫെഡററുടെ 6–ാമത്തെ മാത്രം മത്സരമായിരുന്നു ഇന്നലത്തേത്. ഫ്രഞ്ച് ഓപ്പണിൽനിന്നു പിൻമാറിയതോടെ വിമ്പിൾഡനിൽ മികച്ച പ്രകടനം നടത്താമെന്നാണു ഫെഡററുടെ പ്രതീക്ഷ. 28നു തുടങ്ങുന്ന വിമ്പിൾഡനിൽ ജേതാവായി കോർട്ട് വിടാനാണു മുപ്പത്തിയൊൻപതുകാരനായ ഫെഡറർ ലക്ഷ്യമിടുന്നത്. 9–ാം വിമ്പിൻഡൻ കിരീടത്തിനായുള്ള ഒരുക്കമായിരിക്കും ഇനി താരം നടത്തുക. ഗ്രാൻസ്‍ലാം കിരീടങ്ങളിൽ 20 ജയങ്ങളുമായി ഫെഡററും റാഫേൽ നദാലും തുല്യതയിലാണ് ഇപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com