പഴയ ട്വീറ്റുകളുടെ പേരില്‍ റോബിന്‍സന്‍ പുറത്ത്; പകരം ടീമിലെത്തിയ ആളും മോശമില്ല! ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ഡോം ബെസ്; വീണ്ടും വിവാദം

പഴയ ട്വീറ്റുകളുടെ പേരില്‍ റോബിന്‍സന്‍ പുറത്ത്; പകരം ടീമിലെത്തിയ ആളും മോശമില്ല! ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ഡോം ബെസ്; വീണ്ടും വിവാദം
ഡോം ബെസ്/ ട്വിറ്റർ
ഡോം ബെസ്/ ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ട് താരം ഒലി റോബിന്‍സനെ പോലെ ഇങ്ങനെ പണി കിട്ടിയ ഒരു താരം ക്രിക്കറ്റ് ലോകത്ത് സമീപ കാലത്തുണ്ടായിട്ടില്ല. ഇംഗ്ലണ്ട് ടീമിനായി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ അന്ന് തന്നെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലൂടെ നടത്തിയ വംശീയ, ലൈംഗിക അധിക്ഷേപ ട്വീറ്റുകള്‍ കുത്തിപ്പൊങ്ങി വരുമെന്ന് അയാള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. പക്ഷേ ട്വിറ്ററില്‍ വ്യാപകമായി പഴയ ട്വീറ്റുകള്‍ പ്രചരിച്ചതോടെ താരം വെട്ടിലായി. 

ന്യൂസിലന്‍ഡിനെതിരായ അരങ്ങേറ്റ പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും ടീം സ്‌കോറിലേക്ക് നിര്‍ണായകമായ 42 റണ്‍സുകള്‍ സംഭാവന ചെയ്യുകയും ചെയ്ത് പ്രകടനം ഗംഭീരമാക്കാന്‍ റോബിന്‍സന് സാധിച്ചു. എന്നാല്‍ ഒന്നാം ടെസ്റ്റിന് പിന്നാലെ റോബിന്‍സനെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് വര്‍ഷം മുന്‍പ് ഇട്ട പോസ്റ്റില്‍ അന്വേഷണം നടത്താനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനവും എടുത്തു. താരം വന്നതും പോയതും എല്ലാ വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു. ചിന്താശേഷിയില്ലാത്ത പ്രായത്തില്‍ സംഭവിച്ചു പോയ തെറ്റാണെന്നും അന്ന് അങ്ങനെയൊക്കെ പോസ്റ്റ് ചെയ്തതില്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായ കുറ്റബോധമുണ്ടെന്നും താരം തുറന്നു പറഞ്ഞെങ്കിലും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു. 

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ റോബിന്‍സന് ഇടമില്ല. പകരക്കാരനായി ഇംഗ്ലണ്ട് ടീമിലേക്ക് വിളിയെത്തിയത് ഡോം ബെസിനാണ്. ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ വിളിയെത്തിയതോടെ ഡോം ബെസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ ക്രിക്കറ്റ് ആരാധകര്‍ താരത്തിന്റെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുത്തിപ്പൊക്കി. 

താരം 2013ലെ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ദേശീയ ഗാനം ചൊല്ലാനായി എത്തിയ ഇന്ത്യന്‍ ടീമിനെ അവഹേളിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ഗാനത്തെ അവഹേളിക്കുന്ന കുറിപ്പും അന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. 'ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം' എന്നാണ് താരം ഇന്ത്യന്‍ ദേശീയ ഗാനത്തെ പറഞ്ഞത്. 

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെ കളിയാക്കുന്ന തരത്തില്‍ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്. കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോനിയുടെ ചിത്രം പങ്കിട്ടായിരുന്നു പരിഹാസം. 'നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം'. 'ധോനി' എന്നും 'വിഡ്ഢി' എന്നും ഹാഷ്ടാഗിട്ടായിരുന്നു ഈ ചിത്രം പങ്കിട്ടത്. 

താരത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉയരുന്നത്. ഡോം ബെസിനെതിരെയും നടപടിയെടുക്കണമെന്നാണ് ആരാധകര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നത്. എന്തായാലും ഡോം ബെസിന്റെ കാര്യവും ഏതാണ്ട് തീരുമാനമായി എന്നാണ് ആരാധകര്‍ പറയുന്നത്. ചിലര്‍ ഇപ്പോള്‍ തന്നെ താരത്തിന് ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com