ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം; മത്സര തീയതികള്‍ പ്രഖ്യാപിച്ചു; വിളി കാത്ത് സഞ്ജു ഉള്‍പ്പെടെയുള്ള യുവ താരങ്ങള്‍

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം; മത്സര തീയതികള്‍ പ്രഖ്യാപിച്ചു; വിളി കാത്ത് സഞ്ജു ഉള്‍പ്പെടെയുള്ള യുവ താരങ്ങള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സര തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 13 മുതല്‍ 25 വരെയാണ് മത്സരങ്ങള്‍. പര്യടനത്തില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാം ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയക്കുന്നത്.   

ജൂലൈ 13, 16, 18 തീയതികളില്‍ ഏകദിന മത്സരങ്ങള്‍, പിന്നാലെ 21, 23, 25 തീയതികളില്‍ ടി20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം. മത്സര വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. 

മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവ താരങ്ങള്‍ക്ക് ഇന്ത്യക്കായി കളിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ബി ടീമിനെ ശിഖര്‍ ധവാന്‍ നയിക്കാനാണ് സാധ്യത. ഹര്‍ദിക് പാണ്ഡ്യ, പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളും നായക സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. രാഹുല്‍ ദ്രാവിഡിനാകും പരിശീലന ചുമതല.  

ഒരേ സമയം രണ്ട് ഇന്ത്യന്‍ ടീമുകള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത് അപൂര്‍വമാണ്. വിരാട് കോഹ്‌ലി നയിക്കുന്ന സീനിയര്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലിനായി ഇംഗ്ലണ്ടിലാണുള്ളത്. സതാംപ്ടനില്‍ ജൂണ്‍ 18നാണ് കലാശപ്പോര് തുടങ്ങുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര തുടങ്ങും. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ഇരു മത്സരങ്ങള്‍ക്കും ഇടയിലുള്ള സമയം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ചെലവഴിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com