'അർജന്റീനയ്ക്ക് വേണ്ടി മെസിക്കും വലിയ കിരീടങ്ങൾ തൊടാനായിട്ടില്ല'; കോഹ് ലിയുടെ കിരീട വരൾച്ചയിൽ റമീസ് രാജ

മെസിക്കും അർജന്റീനയ്ക്ക് വേണ്ടി പ്രധാന കിരീടങ്ങൾ നേടാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് റമീസ് രാജ എത്തുന്നത്
വിരാട് കോഹ് ലി, മെസി/ഫയൽ ചിത്രം
വിരാട് കോഹ് ലി, മെസി/ഫയൽ ചിത്രം

ലാഹോർ: പ്രധാന കിരീടങ്ങളിലേക്ക് എത്താനാവാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീ നായകൻ വിരാട് കോഹ് ലിയെ അർജന്റീനിയൻ സൂപ്പർ താരം മെസിയോട് ഉപമിച്ച് പാകിസ്ഥാൻ‌ മുൻ നായകൻ റമീസ് രാജ. മെസിക്കും അർജന്റീനയ്ക്ക് വേണ്ടി പ്രധാന കിരീടങ്ങൾ നേടാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് റമീസ് രാജ എത്തുന്നത്. 

സ്ഥിരത എന്നതിനേക്കാൾ മനോഭാവമാണ് വലിയ ഫൈനലുകളിൽ നിർണായകമാവുന്നത്. പ്രധാനപ്പെട്ട നിമിഷങ്ങളിൽ ആധിപത്യം പുലർത്താനും ആത്മസംയമനം പാലിക്കാനും സാധിക്കുന്നതാണ് ഒരു താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിങ്ങൾ വിവ് റിച്ചാർഡ്സിനെ നോക്കു. പ്രാധാന്യം അർഹിക്കുന്ന നിമിഷങ്ങളിൽ മികവ് പുറത്തെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കോഹ് ലിക്ക് മുൻപിലെ വലിയ അവസരമാണ്, സെഞ്ചുറിയിലേക്ക് എത്താനും ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിക്കാനും, റമീസ് രാജ പറഞ്ഞു. 

നിലവിൽ ഇതിഹാസ താരങ്ങൾക്കൊപ്പം കോഹ് ലിയുടെ പേരുമുണ്ട്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുന്നതിലൂടെ മറ്റൊരു പൊൻതൂവൽ കൂടി കോഹ് ലിയുടെ തൊപ്പിയിലേക്കെത്തും. എക്കാലത്തേയും മികച്ച കളിക്കാരനിലേക്ക് ഉയരാനുള്ള സുവർണാവസരമാണ് ഇത് കോഹ് ലിക്ക് മുൻപിൽ. അതിനുള്ള കഴിവ് കോഹ് ലിക്കുണ്ട്. സാഹചര്യത്തിന് അനുസരിച്ച് കഴിവ് പ്രയോജനപ്പെടുത്തുകയാണ് ഇവിടെ കോഹ് ലി ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

മെസിയെ പോലെ ചില വമ്പന്മാർക്കും ഇതുവരെ സുവർണ കിരീടത്തിലേക്ക് എത്താനായിട്ടില്ല. ലോകകപ്പ് പോലെ വലിയ മത്സരങ്ങളിൽ മികവ് കാണിക്കുമ്പോഴാണ് ഒരു കളിക്കാരന്റെ മനോധൈര്യം തെളിയിക്കപ്പെടുന്നത് എന്നും റമീസ് രാജ പറഞ്ഞു. ജൂൺ 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. കഴിഞ്ഞ വർഷം സെഞ്ചുറിയില്ലാതെയാണ് കോഹ് ലി അവസാനിപ്പിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നക്കം കടന്ന് ഇന്ത്യൻ നായകൻ സെഞ്ചുറി വരൾച്ച അവസാനിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com