'സ്വതന്ത്രനാവുന്നത് ഫ്രാൻസിന് വേണ്ടി കളിക്കുമ്പോൾ, ഇവിടെ എനിക്ക് ബഹുമാനം ലഭിക്കുന്നു': ബാഴ്സയിൽ സന്തുഷ്ടനല്ലെന്ന് ​ഗ്രീസ്മാൻ

'സീസണിന്റെ തുടക്കത്തിൽ ഞാൻ കളിച്ചിരുന്നില്ല. എനിക്ക് അവിടെ പ്രാധാന്യമുള്ളതായി തോന്നിയില്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


റോം: ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ കൂടുതൽ സ്വതന്ത്രനായി തോന്നുന്നത് ഫ്രാൻസിന് വേണ്ടി ഇറങ്ങുമ്പോഴാണെന്ന് ഫ്രഞ്ച് മുന്നേറ്റനിര താരം ​ഗ്രീസ്മാൻ. ബാഴ്സയിൽ താൻ സന്തുഷ്ടനായിരുന്നില്ല എന്നും ​ഗ്രീസ്മാൻ പറഞ്ഞു. 

കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിൽ അതെന്നെ സങ്കടപ്പെടുത്തും. മാത്രമല്ല സീസണിന്റെ തുടക്കത്തിൽ ഞാൻ കളിച്ചിരുന്നില്ല. എനിക്ക് അവിടെ പ്രാധാന്യമുള്ളതായി തോന്നിയില്ല. എല്ലാ കളിയിലും ഇറങ്ങുന്ന താരമായിരുന്നു ഞാൻ, വലിയ മത്സരങ്ങളിലെല്ലാം. എന്നാൽ റയലിനെതിരെ ഞാൻ ബെഞ്ചിലിരുന്നു. സഹതാരങ്ങൾ വാം അപ്പ് ചെയ്യുമ്പോൾ മാറിയിരിക്കുക എന്നത് സുഖമുള്ള കാര്യമല്ലെന്നും ​ഗ്രീസ്മാൻ പറയുന്നു. 

അവിടെ കോച്ചിന്റെ തീരുമാനമാണ്. അത് ഞാൻ അം​ഗീകരിക്കണം. കോച്ചിന്റെ മനസ് മാറ്റാൻ എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യണം. ഫ്രാൻസിൽ എനിക്ക് ബഹുമാനം ലഭിക്കുന്നു. ഫുട്ബോൾ അറിയാവുന്നവർക്കറിയാം ഒരു സ്ഥലത്തും പോയി എന്താണ് എനിക്ക് ചെയ്യാനാവുക എന്ന്. ദേശിയ ടീമിൽ പന്തുകളെലല്ലാം എന്നിലൂടെയാണ് പോവുന്നത്. ഞാൻ സ്വതന്ത്രനാണെന്ന തോന്നലുണ്ടാവും. അത്ലറ്റിക്കോ മാഡ്രിഡിൽ എനിക്കുണ്ടായിരുന്നത് പോലെ. 

ബാഴ്സലോണയിലെ എന്റെ ആദ്യ മത്സരങ്ങളുടെ ഫലം മൂലം പ്രയാസമായിരുന്നു കാര്യങ്ങൾ. വിമർശനങ്ങളെല്ലാം പെരുപ്പിച്ച് കാണിക്കുന്നതാണ്. 2021ൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എനിക്ക് തോന്നുന്നു. ഫ്രാൻസിന് വേണ്ടി കളിക്കുമ്പോൾ ഫിനിഷ് ചെയ്യുന്നതിലായാലും പന്ത് ചോദിക്കുന്നതിലായാലും എനിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. ഡിഫൻസിങ്ങിലേക്ക് വരുമ്പോൾ ഞാൻ ടീം ആവശ്യപ്പെടുന്നതിനനുസരിച്ച് നീങ്ങുന്നു. ചിലപ്പോൾ ഡിഫൻസീവ് മിഡ് ഫീൽഡറെ പോലേയും മറ്റ് ചിലപ്പോൾ ഫുൾ ബാക്കായും കളിക്കുന്നു.

വിങ്ങറായി അവരെന്നോട് കളിക്കാൻ പറയുമ്പോൾ എതിരാളികളെ ഒന്നൊന്നായി മറികടക്കാനുള്ള ഡ്രിബിളോ, പേസോ ഇല്ലെന്നും ​ഗ്രീസ് മാൻ പറയുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്ക് വേണ്ടി 51 മത്സരങ്ങളാണ് ​ഗ്രീസ്മാൻ കളിച്ചത്. വല കുലുക്കിയത് 20 വട്ടവും. 12 അസിസ്റ്റും ​ഗ്രീസ്മാന്റെ പേരിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com