ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് 'ബോള്‍ട്ടിട്ട്' കിവികള്‍; 303ന് പുറത്ത്; ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടം

ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് 'ബോള്‍ട്ടിട്ട്' കിവികള്‍; 303ന് പുറത്ത്; ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 303 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിന് ഓരു വിക്കറ്റ് നഷ്ടമായി. പരിക്കേറ്റ് പുറത്തിരിക്കുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസിന് പകരം ടീമിനെ നയിക്കുന്ന ഓപണര്‍ കൂടിയായ ടോം ലാതമാണ് പുറത്തായത്. താരം ആറ് റണ്‍സെടുത്തു. സ്റ്റുവര്‍ട്ട് ബോര്‍ഡ് ലാതത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയില്‍. 22 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും റണ്ണൊന്നുമെടുക്കാതെ വില്‍ യങുമാണ് ക്രീസില്‍.

നേരത്തെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം 45 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് എല്ലാവരും പുറത്തായി. 81 റണ്‍സെടുത്ത ഡാനിയേല്‍ ലോറന്‍സ് പുറത്താകാതെ നിന്നു. ന്യൂസിന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്റി മൂന്നും വിക്കറ്റെടുത്തപ്പോള്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ദിനം 16 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സിന് മികച്ച പിന്തുണ നല്‍കിയ മാര്‍ക്ക് വുഡ് 41 റണ്‍സെടുത്ത് പുറത്തായി. എട്ടാം വിക്കറ്റില്‍ 66 റണ്‍സാണ് ലോറന്‍സ്-വുഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്. മാര്‍ക്ക് വുഡിനെ വീഴ്ത്തി മാറ്റ് ഹെന്റിയാണ് കിവീസിന് രണ്ടാം ദിനം ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ബ്രോഡിനെയും ആന്‍ഡേഴ്‌സനെയും മടക്കി ബോള്‍ട്ട് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആദ്യദിനം 81 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയിരുന്നു.

ഒന്നാം ദിനം ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണിങ് വിക്കറ്റില്‍ 72 റണ്‍സെടുത്ത് ഡൊമനിക് സിബ്ലിയും റോറി ബേണ്‍സും മികച്ച തുടക്കമിട്ടെങ്കിലും മധ്യനിരക്ക് അത് മുതലാക്കാനായില്ല.സിബ്ലിയെ (35) മടക്കി മാറ്റ് ഹെന്റിയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിവെച്ചത്. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സാക്ക് ക്രോളിയെ (0) വീഴ്ത്തി വാഗ്‌നര്‍ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

ക്യാപ്റ്റന്‍ ജോ റൂട്ടിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നാല് റണ്‍സെടുത്ത റൂട്ടിനെയും മഹെന്റിയാണ് വീഴ്ത്തിയത്. ഓലി പോപ്പ ്(19) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അജാസ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ജെയിംസ് ബ്രേസിയെയും (0) റോറി ബേണ്‍സിനെയും ബോള്‍ട്ട് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലായി.

ഓലി സ്റ്റോണിനെയും (20) മാര്‍ക്ക് വുഡിനെയും (41) കൂട്ടുപിടിച്ച് ലോറന്‍സ് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com