എപ്പിക്ക് ക്രജിക്കോവ! ആറാം വർഷവും റോളണ്ട് ​ഗാരോസിൽ ഉദിച്ചുയർന്നത് കന്നി നക്ഷത്രം 

എപ്പിക്ക് ക്രജിക്കോവ! ആറാം വർഷവും റോളണ്ട് ​ഗാരോസിൽ ഉദിച്ചുയർന്നത് കന്നി നക്ഷത്രം 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഇത്തവണയും റോളണ്ട് ഗാരോസില്‍ പതിവ് തെറ്റിയില്ല. തുടര്‍ച്ചയായി ആറാം വര്‍ഷവും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ പോരാട്ടത്തില്‍ പുതിയ ചാമ്പ്യന്‍. ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവയ്ക്ക് കിരീടം. 

അണ്‍സീഡഡായി ടൂര്‍ണമെന്റിനെത്തി ചരിത്രമെഴുതിയാണ് താരത്തിന്റെ മടക്കം. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചെക്ക് റിപ്പബ്ലിക്ക് താരം റോളണ്ട് ഗാരോസില്‍ കിരീടം ഉയര്‍ത്തുന്നത്. 1981ൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹന മന്‍ഡ്‌ലിക്കോവയാണ് അവസാനമായി ഇവിടെ കിരീടമുയര്‍ത്തിയ ചെക്ക് താരം. 

ക്രജിക്കോവയുടെ കരിയറിലെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഫൈനലില്‍ കന്നി ഗ്രാന്‍ഡ് സ്ലാം തേടിയിറങ്ങിയ മറ്റൊരു താരമായ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവിനെയാണ് ക്രജിക്കോവ വീഴ്ത്തിയത്. സ്‌കോര്‍: 6-1, 2-6, 6-4.

ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി തുടങ്ങിയ ക്രജിക്കോവയ്ക്ക് പക്ഷേ രണ്ടാം സെറ്റില്‍ കാലിടറി. മത്സരത്തിലേക്ക് പാവ്‌ല്യുചെങ്കോവയുടെ ശക്തമായ തിരിച്ചുവരവ്. മൂന്നാം സെറ്റ് ഇതോടെ കടുപ്പമായി. ഒടുവില്‍ നാലിനെതിരെ ആറ് പോയിന്റുകള്‍ ഉറപ്പാക്കി ക്രജിക്കോവ കന്നി ഗ്രാന്‍ഡ് സ്ലാമില്‍ മുത്തമിട്ടു.

നാളെ ഡബിള്‍സ് ഫൈനലിന് ഇറങ്ങുന്ന താരം അവിടെയും കിരീടം നേടി ഇരട്ട നേട്ടവുമായി മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഡബിൾസിലും കിരീടം സ്വന്തമാക്കിയാൽ 21 വർഷങ്ങൾക്ക് ശേഷം വനിതാ സം​ഗിൾസ്, ഡബിൾസ് ഇരട്ട ചാമ്പ്യയാകുന്ന താരമായി മാറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com