നയം വ്യക്തമാക്കി യുവരക്തം നിറച്ച അസൂറിപ്പട, തുർക്കിയെ 3-0ന് തകർത്ത് ​ഗംഭീര തുടക്കം

യൂറോ കപ്പ് ഉയർത്താനുള്ള പ്രാപ്തി തങ്ങൾക്കുണ്ടെന്ന് ഊട്ടിയുറപ്പിക്കുന്ന പ്രഖ്യാപനവുമായി വരവറിയിച്ച് അസൂറിപ്പട.
തുർക്കിക്കെതിരെ ​ഗോൾ നേടിയ ഇറ്റാലിയൻ താരങ്ങളുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
തുർക്കിക്കെതിരെ ​ഗോൾ നേടിയ ഇറ്റാലിയൻ താരങ്ങളുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ


റോം: യൂറോ കപ്പ് ഉയർത്താനുള്ള പ്രാപ്തി തങ്ങൾക്കുണ്ടെന്ന് ഊട്ടിയുറപ്പിക്കുന്ന പ്രഖ്യാപനവുമായി വരവറിയിച്ച് അസൂറിപ്പട. യൂറോയിലെ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് പന്തുകൾക്കാണ് കറുത്ത കുതിരകളാകുമെന്ന് പലരും വിലയിരുത്തിയിരുന്ന തുർക്കിയെ മാഞ്ചിനിയും കൂട്ടരും തകർത്തുവിട്ടത്. 

ആദ്യ പകുതിയിൽ പ്രതിരോധിച്ച് നിന്ന തുർക്കി മുന്നേറ്റ നിരയ്ക്ക് പക്ഷേ രണ്ടാം പകുതിയിൽ പിഴച്ചു. തുർക്കി താരം മെറി ഡെറിമലിന്റെ സെൽഫ് ​ഗോളോടെയാണ് ഇറ്റലി രണ്ടാം പകുതിയിൽ അക്കൗണ്ട് തുറന്നത്. ബെറാർഡിയുടെ ഷോട്ട് തുർക്കി താരത്തിന്റെ ​ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. യൂറോ ചരിത്രത്തിൽ ആ​ദ്യമായാണ് ടൂർണമെന്റിലെ ആദ്യ ​ഗോൾ തന്നെ സെൽഫ് ​ഗോളാവുന്നത്. 

66ാം മിനിറ്റിൽ മുന്നേറ്റ നിര താരം ഇമ്മൊബിലെ ഇറ്റലിയുടെ ലീഡ് ഉയർത്തി. ബരെല്ലെ, ബറാർഡി, സ്പിനസോള സഖ്യത്തിന്റെ മുന്നേറ്റത്തിൽ നിന്നായിരുന്നു രണ്ടാമത്തെ ​ഗോൾ. സ്പിനാസോളയുടെ ഷോട്ടിലെ റീബൗണ്ട് പിടിച്ചെടുത്ത് ഇമ്മൊബിലെ വല കുലുക്കി. 79ാം മിനിറ്റിൽ ഇമ്മൊബിലയുടെ പാസിൽ നിന്നും ഇൻസിനെ പന്ത് വലയിലെത്തിച്ചു. തുർക്കി ​ഗോൾ കീപ്പർ സാകിറിന്റെ ദുർബലമായ ക്ലിയറൻസ് പിടിച്ചെടുത്തായിരുന്നു ഇറ്റലിയുടെ മൂന്നാം ​ഗോൾ. 

ഷോട്ട് ഓൺ ടാർ​ഗറ്റിലേക്ക് ഒന്നുപോലുമില്ലാതെയാണ് തുർക്കി കളിയവസാനിപ്പിച്ചത്. എന്നാൽ ഇറ്റലിയുടെ യുവത്വം നിറഞ്ഞ സംഘം 24 ഷോട്ടുകൾ ഉതിർത്തപ്പോൾ എട്ട് എണ്ണം ഷോട്ട് ഓൺ ടാർ​ഗറ്റിൽ. ആദ്യ പകുതിയിൽ വല കുലുക്കാനായില്ലെങ്കിലും മികച്ച അവസരങ്ങൾ ഇവിടെ തുറന്നെടുക്കാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. 22ാം മിനിറ്റിൽ കില്ലെനിയുടെ ​ഗോൾ എന്ന് ഉറപ്പിച്ച ഹെഡർ തുർക്കി ​ഗോളി വല തൊടീക്കാതെ പിടിച്ചിട്ടു.

രണ്ട് ഹാൻഡ് ബോൾ അപ്പീലുകളും ഇവിടെ തുർക്കി താരങ്ങൾക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ ഫൗളോ, പെനാൽറ്റി കിക്കോ ഇവിടെ വിളിക്കപ്പെട്ടില്ല. മനപൂർവം ഹാൻ‍ഡ് ബോൾ ആയാൽ മാത്രം നടപടി എന്ന പുതിയ നിയമത്തെ തുടർന്നാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com