ആദ്യ മൽസരത്തിന് അർജന്റീന, മെസിക്ക് ഇത് ആറാം ഊഴം; എതിരാളികൾ മുൻ ചാമ്പ്യൻമാർ 

കോപ്പയിൽ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 28 കളികളിൽ 20ലും ജയം അ‍ർജന്റീനയ്ക്കായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബ്രസീലിയ: കോപ്പ അമേരിക്കയിൽ മുൻ ചാമ്പ്യൻമാരായ ചിലിയെ നേരിടാൻ അർജന്റീന ആദ്യ മൽസരത്തിന് ഇറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കാണ് കളി. കോപ്പയിൽ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 28 കളികളിൽ 20ലും ജയം അ‍ർജന്റീനയ്ക്കായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരെ ഒരിക്കൽ പോലും ചിലിയ്ക്ക് ജയിക്കാനായിട്ടില്ല. പക്ഷെ അർജന്റീനയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി.

കോപ്പ അമേരിക്കയിൽ അഞ്ചുതവണ അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മെസ്സി മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും കപ്പുയർത്തിയില്ല. 4-3-3 ശൈലിയിലാണ് അർജന്റീന കളത്തിലിറങ്ങുന്നത്. മെസ്സി, മാർട്ടിനെസ് സഖ്യത്തിനൊപ്പം നികോ ഗോൺസാലസിനാവും ടീമിലിടം നേടുക. പരിക്കേറ്റ പ്രതിരോധ താരം ക്രിസ്റ്റ്യൻ റോമേറോ കളിക്കില്ല.  ഡി മരിയയും അഗ്യൂറോയും ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഡീ പോൾ, പരേഡസ്, ലോസെൽസോ സഖ്യമായിരിക്കും മധ്യനിരയിൽ. 

കോവിഡ് മുക്തനായെങ്കിലും ഫ്രാങ്കോ അർമാനി ​ഗോളിയാകില്ല. എമിലിയാനോ മാർട്ടിനെസ് തന്നെയാകും ഗോൾവല കാക്കുക. 10 ദിവസം മുൻപ് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ​ഗോളുകൾ നേടി സമനിലയിലാണ് ചിലി-അർജന്റീന മത്സരം അവസാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com