വെനസ്വേലയെ തകർത്ത് ബ്രസീൽ; ഉദ്ഘാടന മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കം 

എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മഞ്ഞപ്പട വെനസ്വേലയെ തകർത്തത് 
കോപ്പ അമേരിക്കയുടെ ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രം
കോപ്പ അമേരിക്കയുടെ ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രം

ബ്രസീലിയ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ വിജയത്തുടക്കം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് വെനസ്വേലയെ തകർത്താണ് മഞ്ഞപ്പട തകർപ്പൻ വിജയം നേടിയത്. ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും നെയ്മർ ബ്രസീലിന്റെ വിജയശിൽപിയായി. നെയ്മറിന് പുറമേ ബ്രസീലിനായി മാർകിന്യോസ്, ഗബ്രിയേൽ ബാർബോസ എന്നിവർ ​ഗോൾവല കുലുക്കി. 

കോവിഡ് വ്യാപനം മൂലം പ്രമുഖ താരങ്ങളിൽ പലരെയും മാറ്റിനിർത്തി പകരക്കാരെ ഇറക്കിയാണ് വെനസ്വേല കളിച്ചത്. താരങ്ങളും സ്റ്റാഫും ഉൾപ്പെടെ 12 പേർക്ക് മത്സരത്തിനു മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോപ്പ അമേരിക്കയിൽ ബ്രസീൽ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ലെന്ന് റെക്കോർഡിന് ഇക്കുറിയും മാറ്റമുണ്ടായില്ല. 

കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തി കളിച്ച ബ്രസീൽ 23–ാം മിനിറ്റിലാണ് ഗോളടിക്ക് തുടക്കമിട്ടത്. നെയ്മർ എടുത്ത കോർണർ കിക്ക് മാർകിന്യോസ് അനായാസം വലയിലെത്തിച്ചു. ഇതിനു മുൻപ് രണ്ട് ​ഗോളവസരങ്ങൾ ബ്രസീൽ പാഴാക്കുകയും ചെയ്തു. 

രണ്ടാംപകുതിയിൽ ലഭിച്ച പെനൽറ്റിയാണ് ബ്രസീലിന്റെ സ്കോർ വീണ്ടുമുയർത്തിയത്. ബ്രസീൽ താരം ഡാനിലോയെ വെനസ്വേല താരം യൊഹാൻ കമാന സ്വന്തം ബോക്സിൽ ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത നെയ്മർ അനായാസം ലക്ഷ്യം കണ്ടു. 89-ാം മിനിട്ടിലാണ് ഗബ്രിയേൽ ബാർബോസയുടെ ​ഗോൾ നേട്ടം. നെയ്മറിന്റെ തകർപ്പൻ ക്രോസ് സ്വീകരിച്ച് ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് പന്തുതട്ടിയിട്ടാണ് ബാർബോസ ഗോൾ നേടിയത്. പന്ത് അടക്കിയിരുന്ന നെയ്മറിനെ തടയാൻ വെനസ്വേല ഗോൾകീപ്പർ മുന്നോട്ട് കുതിച്ചപ്പോഴായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com