'എനിക്ക് ഒന്നും ഓർമയില്ല'- സഹ താരങ്ങളോട് സംസാരിച്ച് എറിക്സൻ; ആരോ​ഗ്യ നിലയിൽ പുരോ​ഗതി

എനിക്ക് ഒന്നും ഓർമയില്ല- സഹ താരങ്ങളോട് സംസാരിച്ച് എറിക്സൻ; ആരോ​ഗ്യ നിലയിൽ പുരോ​ഗതി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോപ്പൻഹേഗൻ: യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റെ നിലയിൽ പുരോഗതി. ഇന്നലെയും ഇന്നുമായി താരത്തിനോട് സംസാരിച്ചതായി ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. സഹ താരങ്ങളും എറിക്സനുമായി സംസാരിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് സഹതാരങ്ങൾ എറിക്സനോടു സംസാരിച്ചത്. 

എറിക്സനോടു സഹതാരങ്ങൾ സംസാരിച്ചതായും അദ്ദേഹം ടീമിന് ആശംസകൾ നേർന്നതായും ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ ഡയറക്ടർ പീറ്റർ മോളർ അറിയിച്ചു. സംഭവിച്ചതൊന്നും ഓർക്കുന്നില്ല എന്നാണ് എറിക്സൻ തന്നോടു പറഞ്ഞതെന്ന് ഡാനിഷ് പരിശീലകൻ കാസ്പർ ജുൽമാൻഡ് പറഞ്ഞു.

അതേസമയം എറിക്സന് ഹൃദയാഘാതം തന്നെയാണു സംഭവിച്ചതെന്ന് ഡെൻമാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസൻ സ്ഥിരീകരിച്ചു. എന്നാൽ പരിശോധനകളിൽ ഇതുവരെ പ്രശ്നമൊന്നും കണ്ടെത്തിയില്ലെന്നും ബോസൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാകുന്നതു വരെ എറിക്സൻ കോപ്പൻഹേഗനിലെ ആശുപത്രിയിൽ തുടരും. ടൂർണമെന്റിനിടെയുണ്ടായ അസുഖകരമായ സാഹചര്യം തരണം ചെയ്യാൻ ടീമിലെ മറ്റു താരങ്ങൾക്കു കൗൺസിലിങ് നൽകിയതായും അസോസിയേഷൻ അറിയിച്ചു.

ഞായറാഴ്ച മാധ്യമ സമ്മേളനങ്ങളെല്ലാം റദ്ദാക്കിയ ഡാനിഷ് ടീം ഒരു പരിശീലന സെഷനും റദ്ദാക്കി. വ്യാഴാഴ്ച ബൽജിയവുമായാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ ഫിൻലൻഡിനോടു തോറ്റതിനാൽ ഡെൻമാർക്കിന് ഇനിയുള്ള പോരാട്ടങ്ങൾ നിർണായകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com