അമ്പരപ്പിക്കും ​ഗോൾ! പാട്രിക്ക് ഷിക്കിന്റെ പടയോട്ടം; യൂറോയിൽ സ്‌കോട്‌ലന്‍ഡിന് 'ചെക്ക്' 

അമ്പരപ്പിക്കും ​ഗോൾ! പാട്രിക്ക് ഷിക്കിന്റെ പടയോട്ടം; യൂറോയിൽ സ്‌കോട്‌ലന്‍ഡിന് 'ചെക്ക്' 
​ഗോൾ നേട്ടം ആഘോഷിക്കുന്ന ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്ക്/ ട്വിറ്റർ
​ഗോൾ നേട്ടം ആഘോഷിക്കുന്ന ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്ക്/ ട്വിറ്റർ

ഗ്ലാസ്ഗൗ: ഉജ്ജ്വല ​ഗോൾ പിറന്ന പോരാട്ടത്തിൽ സ്‌കോട്‌ലന്‍ഡിനെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പിൽ വിജയത്തോടെ തുടങ്ങി. ​ഗ്രൂപ്പ് ‍ഡി പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ചെക്കിന്റെ വിജയം. മത്സരത്തിൽ ഇരട്ട ​ഗോളുകൾ നേടിയ പാട്രിക്ക് ഷിക്കാണ് ചെക്കിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 1998ന് ശേഷം ചെക്ക് റിപ്പബ്ലിക്ക് കളിക്കുന്ന ഒരു മേജർ ടൂർണമെന്റ് കൂടിയാണ് ഇത്തവണത്തെ യൂറോ.

ഈ യൂറോയിൽ ഇതുവരെ നടന്ന പോരാട്ടങ്ങളിലെ ഏറ്റവും മികച്ച ​ഗോൾ കണ്ട മത്സരം കൂടിയായിരുന്നു ചെക്ക്- സ്കോട്ലൻഡ് പോരാട്ടം. ഷിക്ക് നേടിയ രണ്ടാം ​ഗോൾ അക്ഷരാർഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഉ​ഗ്രൻ ​ഗോളായി ഇത് പരി​ഗണിക്കപ്പെടും. 

മത്സരത്തിൽ 42ാം മിനിറ്റിൽ ആദ്യ ​ഗോളും രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റുകൾ പിന്നിട്ടപ്പോൾ രണ്ടാം ​ഗോളും ഷിക്ക് വലയിലാക്കി. ഇതിൽ 52ാം മിനിറ്റിലാണ് അമ്പരപ്പിക്കുന്ന ​ഗോളിന്റെ പിറവി. 45 മീറ്റർ അകലെ നിന്ന് ഇടംകാൽ കൊണ്ട് തൊടുത്ത പന്ത് സ്കോട്ലൻഡ് ​ഗോൾ കീപ്പർ മാർഷലിനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായി മാറി. ചെക്കിനായി കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്ന് ഷിക്കിന്റെ എട്ടാം ഗോളായിരുന്നു ഇത്. 

കളിയുടെ തുടക്കം മുതൽ സ്കോട്ലൻഡ് മികച്ച രീതിയിൽ മുന്നേറി. എന്നാൽ ഫിനിഷിങ് അവർക്ക് പാളി. ​പോസ്റ്റിന് കീഴിൽ ചെക്ക് ​ഗോൾ കീപ്പർ വാസ്ലിക് മിന്നും ഫോമിലായത് സ്കോട്ടിഷ് ടീമിന്റെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയതോടെ അവർ നിസഹായരായി. മത്സരത്തിലുടനീളം വാസ്ലിക് അത്യധ്വാനത്തിലായിരുന്നു. 48, 49, 62, 66 മിനിറ്റുകളിൽ സ്‌കോട്ലൻഡിന്റെ ഉറച്ച ഗോളവസരങ്ങളാണ് താരം രക്ഷപ്പെടുത്തിയത്.

‌ആദ്യ പകുതിയിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് സ്‌കോട്ലൻഡായിരുന്നു. പക്ഷേ മുന്നേറങ്ങളെല്ലാം ചെക്ക് ബോക്സിൽ വിഫലമായി. പിന്നീട് ചെക്കും കളിയിൽ താളം കണ്ടെത്തിയതോടെ പോരാട്ടം മുറുകി. ഇരു ടീമുകളും പിന്നാട് മികച്ച കളി പുറത്തെടുത്തു. കളിയുടെ മത്സരത്തിൽ 42-ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോൾ. വ്‌ളാഡിമിർ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ ഷിക്ക് വലയിലെത്തിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 48-ാം മിനിറ്റിൽ സ്‌കോട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയുടെ ഷോട്ട് ബാറിൽ തട്ടി തെറിച്ചു. 

ഇതിന് പിന്നാലെയാണ് വണ്ടർ ​ഗോളിന്റെ പിറവി. ചെക്ക് ടീമിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോളിന്റെ വരവ്. സോസെക് നൽകിയ പാസ് സ്വീകരിച്ച് സ്‌കോട്ലൻഡ് ഹാഫിലേക്ക് കയറിയ ഷിക്ക് ഗോൾകീപ്പർ മാർഷൽ സ്ഥാനം തെറ്റിനിൽക്കുന്നത് ശ്രദ്ധിച്ചു. ഈ അവസരം മുതലെടുത്ത് താരത്തിന്റെ ഇടംകാൽ ഷോട്ട് മാർഷലിന് യാതൊരു അവസരവും നൽകാതെ വലയിൽ കയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com