ഇന്ത്യക്ക് ആശ്വാസം; അഫ്ഗാനെതിരെ സമനില; ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ടില്‍

ഇന്ത്യക്ക് ആശ്വാസം; അഫ്ഗാനെതിരെ സമനില; ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ടില്‍
ഇന്ത്യയുടെ മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റം/ ട്വിറ്റര്‍
ഇന്ത്യയുടെ മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റം/ ട്വിറ്റര്‍

ദോഹ: ഇന്ത്യക്ക് ആശ്വസിക്കാം. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യക്ക് സമനില. പോരാട്ടം 1-1ന് തുല്ല്യതയില്‍ പിരിഞ്ഞു. ഇതോടെ ഇന്ത്യ എഎഫ്‌സി ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തിലേക്കും കടന്നു. ഒരു സമനില മതിയായിരുന്നു ഇന്ത്യക്ക് ഈ കടമ്പ കടക്കാന്‍. ഗ്രൂപ്പ് ഇയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിക്കുന്നത്. 

ലോകത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരുടെ റെക്കോര്‍ഡ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിക്കാനുള്ള അവസരവുമായാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി കളിക്കാന്‍ ഇറങ്ങിയത്. ആ ബൂട്ടുകള്‍ ഇന്ന് നിശ്ബദമായിരുന്നു. ചില മുന്നേറ്റങ്ങള്‍ നായകന്റെ ഭാഗത്ത് നിന്നു വന്നെങ്കിലും അതൊന്നും ഗോളായി മാറിയില്ല. 

കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. ഇന്ത്യയാണ് സമനില പൂട്ട് ആദ്യം പൊട്ടിച്ചത്. പിന്നാലെ അഫ്ഗാന്‍ ഒപ്പമെത്തി. പിന്നെ ഇരു പക്ഷത്തും വല ചലിച്ചില്ല. 75, 82 മിനിറ്റുകളിലാണ് ഇരു ടീമുകളും ഗോള്‍ നേടിയത്. 

അഫ്ഗാനെ നേരിടാന്‍ മികച്ച ഇലവനെ തന്നെ ഇന്ത്യ അവതരിപ്പിച്ചു. ആദ്യ പകുതിയില്‍ മികച്ചു നിന്നതും ഇന്ത്യ തന്നെ. അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ലെങ്കിലും കളി ഇന്ത്യയുടെ നിയന്ത്രണത്തില്‍ തന്നെ ആയിരുന്നു തുടക്കത്തില്‍.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഇന്ത്യക്ക് മികച്ച അവസരം കിട്ടി. ഗ്ലെന്‍ മാര്‍ടിന്‍സ് ബ്രേക്ക് ചെയ്തു നേടിയ പന്ത് എടുത്ത് മുന്നേറിയ ഛേത്രി ഇടം കാലു കൊണ്ട് ഒരു ഷോട്ട് എടുത്തെങ്കിലും അഫ്ഗാന്‍ കീപ്പറെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ മിഡ്ഫീല്‍ഡില്‍ ഗ്ലെന്‍ മാര്‍ടിന്‍സ് മികച്ചു നിന്നു. നിരവധി സെറ്റ് പീസുകളിലൂടെ ഇന്ത്യ ആക്രമണം നടത്തിയെങ്കിലും ഫിനിഷിങ് മികവില്‍ പിന്നില്‍ പോയി. ഒന്നാം പകുതിയില്‍ സെറ്റ് പീസില്‍ നിന്ന് തന്നെ ആയിരുന്നു അഫ്ഗാന്‍ മുന്നേറ്റങ്ങളിലധികവും.

രണ്ടാം പകുതിയിലും ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നു. 75ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്റെ ഒരു ക്രോസ് ഷോര്‍ട്ട് കൈയിലൊതുക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ അസീസിക്ക് പിഴച്ചു. താരത്തിന്റെ ഇരു ഗ്ലൗസുകളില്‍ തൊട്ട് പന്ത് നേരെ വലയിലേക്ക്. 

പിന്നാലെ അഫ്ഗാന്റെ സമനില ഗോളും എത്തി. 82ാം മിനിറ്റില്‍ അഫ്ഗാന്‍ കൗമാര താരം സമാനിയാണ് ടീമിന് തുല്ല്യത നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com