ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു; അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ

ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു; അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ഛണ്ഡിഗഡ്: ഇന്ത്യയുടെ അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. ചണ്ഡീ​ഗഢിലെ പിജിഐഎംഇആർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. 

ബുധനാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ മിൽഖാ സിങ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനു ശേഷം പനി കൂടുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെയാണ് 91-കാരനായ താരത്തെ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയത്. 

ജൂൺ മൂന്നിനാണ് മിൽഖാ സിങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് മിൽഖാ സിങ്ങ് ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

അതിനിടെ ജൂൺ പതിനാലിന് മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിർമൽ. കഴിഞ്ഞ മെയിലാണ് നിർമൽ കോവിഡ് പോസിറ്റീവ് ആയത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്‌ലറ്റാണ് മിൽഖാ സിങ്. ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് അന്ന് മെ‍ഡൽ നഷ്ടമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com