12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഹോളണ്ട്, ​ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; ഓസ്ട്രിയയെ എതിരില്ലാത്ത 2 ​ഗോളിന് വീഴ്ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2021 06:33 AM  |  

Last Updated: 18th June 2021 06:33 AM  |   A+A-   |  

dutch_players

ഓസ്ട്രിയക്കെതിരെ ​ഗോൾ നേടിയ ഡച്ച് താരങ്ങളുടെ ആ​ഹ്ലാദം/ഫോട്ടോ: ട്വിറ്റർ

 

ആംസ്റ്റർ‍ഡാം: എതിരില്ലാത്ത രണ്ട് ​ഗോളിന് ഓസ്ട്രിയയെ തകർത്ത് ഹോളണ്ട് യൂറോ കപ്പ് പ്രീക്വാർട്ടറിൽ. ​ഗ്രൂപ്പ് സിയിൽ ഒരു മത്സരം ബാക്കി നിൽക്കെ ​ഗ്രൂപ്പ് ചാമ്പ്യന്മാരായി യൂറോ പ്രീക്വാർട്ടറിൽ കടന്ന ഹോളണ്ട് 12 വർഷത്തെ കാത്തിരിപ്പിനും അവസാനം കുറിച്ചു.

11ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ​ഗോൾ വല കുലുക്കി ഡച്ച് പട മുൻപിലെത്തി. ഡെംഫ്രിസിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. ഡെംഫ്രിസിനെ ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബ വീഴ്ത്തുകയായിരുന്നു. വാറിന്റെ സഹായത്തോടെയാണ് ഹോളണ്ട് പെനാൽറ്റി നേടിയെടുത്തത്. സ്പോട്ട് കിക്കെടുത്ത മെംഫിസ് ഡീപേയ്ക്ക് പിഴച്ചില്ല. 67ാം മിനിറ്റിൽ ഡംഫ്രീസിന്റെ ഊഴമായിരുന്നു. 

സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഡോണിയൻ മലന്റെ മുന്നേറ്റത്തിലൂടെയായിരുന്നു ഹോളണ്ടിന്റെ ലീഡ് ഉയർത്തിയ ​ഗോൾ വന്നത്. ​ഡംഫ്രീസിലേക്ക് മലാൻ പാസ് നൽകുമ്പോൾ മുൻപിൽ ​ഗോൾകീപ്പർ മാത്രം.  എതിർതാരത്തെ അധിക്ഷേപിച്ചതിനെ തുടർന്ന് വിലക്ക് നേരിട്ട മാർക്കോ അർണോട്ടോവിച്ചിന്റെ അഭാവം ഓസ്ട്രിയൻ നിരയിൽ പ്രകടമായിരുന്നു.