ട്രാക്കിലെ ഇന്ത്യയുടെ ഇതിഹാസ താരം മിൽഖാ സിങ് അന്തരിച്ചു

അഞ്ച് ദിവസം മുൻപ് അദ്ദേഹത്തിന്റെ ഭാര്യയും കോവിഡിന് പിന്നാലെയുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡീഗഡ്: ട്രാക്കിലെ ഇന്ത്യയുടെ ഇതിഹാസ താരം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിന് പിന്നാലെയുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.30ടെയായിരുന്നു മരണം.

അഞ്ച് ദിവസം മുൻപ് അദ്ദേഹത്തിന്റെ ഭാര്യയും കോവിഡിന് പിന്നാലെയുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.  ബുധനാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. 

എന്നാല്‍ രണ്ട് ദിവസത്തിനുശേഷം ആരോ​ഗ്യനില മോശമായി. പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ വീണ്ടും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

വീട്ടുജോലിക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മിൽഖാ സിങ് ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങൾ കോവിഡ് പരിശോധന നടത്തിയത്.  കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യ കോവിഡ് തരം​ഗം അലയടിച്ചപ്പോൾ മിൽഖാ സിങ് 2 ലക്ഷം രൂപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. 

ഒളിംപിക്സ് മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ട്രാക്കിൽ ഇന്ത്യക്ക് ആവേശമുണർത്തുന്ന നിരവധി മുഹുർത്തങ്ങൾ പറക്കും സിഖ് എന്നറിയപ്പെടുന്ന താരത്തിൽ നിന്ന് വന്നിട്ടുണ്ട്. 1960ലെ ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ ഫൈനലിലെത്തിയതോടെ ഒളിംപിക്സ് ഇവന്റിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം. എന്നാൽ ഫൈനലിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. എന്നാൽ അവിടെ അദ്ദേഹം ചേർത്ത നാഷണൽ റെക്കോർഡ് 40 വർഷത്തോളം ഇളകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com