മുന്നിൽ പോർച്ചു​ഗലിനെതിരായ നിർണായക പോരാട്ടം; ഫ്രാൻസിന് കനത്ത തിരിച്ചടി; മുന്നേറ്റ താരം പുറത്ത്

മുന്നിൽ പോർച്ചു​ഗലിനെതിരായ നിർണായക പോരാട്ടം; ഫ്രാൻസിന് കനത്ത തിരിച്ചടി; മുന്നേറ്റ താരം പുറത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരീസ്: യൂറോ കപ്പിൽ പോർച്ചു​ഗലിനെതിരായ നിർണായക പോരാട്ടത്തിന് ഇറങ്ങാൻ ഒരുങ്ങുന്ന ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. അവരുടെ മുന്നേറ്റ താരങ്ങളിൽ ഒരാളായ ഉസ്മാൻ ഡെംബലെ പരിക്കേറ്റ് പുറത്തായി. താരത്തിന് ടൂർണമെന്റ് തന്നെ നഷ്ടമായി. 

യൂറോ കപ്പിൽ ഹം​ഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ മത്സരത്തിനിടെ താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. മത്സര ശേഷം ഡെംബലെയെ ബുഡാപെസ്റ്റിലെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തു. തുടർന്നാണ് ഡെംബലെ ടൂർണമെന്റിൽ കളിക്കില്ലെന്ന് ഫ്രഞ്ച് ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്.

എന്നാൽ ഡെംബലെയുടെ പരിക്ക് എത്രമാത്രം ​ഗുരുതരമാണെന്ന് ഇതുവരെ ഔദ്യോ​ഗികമായി റിപ്പോർട്ടുകളൊന്നുമില്ല. ടൂർണമെന്റിന് മുമ്പ് ഡെംബലെയുടെ പരിക്ക് ഭേദമാവില്ലെന്ന ടീം ഡോക്ടറുടെ ഉപദേശത്തെത്തുടർന്നാണ് അദ്ദേഹത്തെ തിരിച്ചയക്കുന്നതെന്നും ഫ്രഞ്ച് ടീം വ്യക്തമാക്കി. 

ഹം​ഗറിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഡെംബലെ കളത്തിലിറങ്ങിയത്.  മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞിരുന്നു. കെയ്ലിയൻ എംബാപ്പെ, അന്റോയിൻ ​ഗ്രിസ്മാൻ, കരീം ബെൻസെമ, ഒലിവർ ജിറൂദ് എന്നിവരടങ്ങിയ മുന്നേറ്റ നിരയിൽ ഡെംബലെയുടെ അസാന്നിധ്യം കോച്ച് ദിദിയർ ദെഷാംപ്സിന് വലിയ തലവേദനയാകില്ലെന്നാണ് വിലയിരുത്തൽ. 

മരണ ​ഗ്രൂപ്പായ എഫിൽ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുള്ള ഫ്രാൻസാണ് മുന്നിൽ. മൂന്ന് പോയന്റ് വീതമുള്ള ജർ‌മനി രണ്ടാമതും പോർച്ചു​ഗൽ മൂന്നാമതുമാണ്. അവസാന മത്സരത്തിൽ ജർമനി ഹം​ഗറിയെ നേരിടുമ്പോൾ ഫ്രാൻസിന് പോർച്ചു​ഗലാണ് എതിരാളികൾ. നിലവിൽ ഹം​ഗറിക്കടക്കം അടുത്ത ഘട്ടത്തിലേക്ക് ചാൻസ് നിലനിൽക്കുന്ന എഫിൽ അടുത്ത മത്സരം ലോക ചാമ്പ്യൻമാർക്ക് നിർണായകമാണ്. ജർമനിയും പോർച്ചു​ഗലും ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ നോക്കൗട്ടിലെത്താനെ ഫ്രാൻസിന് കഴിയൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com