ഗ്രൂപ്പ് എയിൽ ജേതാക്കളായി ഇറ്റലി, വെയ്ൽസിനെ പരാജയപ്പെടുത്തി; തുർക്കിയെ തകർത്ത് സ്വിറ്റ്‌സർലൻഡും 

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. സ്വിറ്റ്‌സർലൻഡ് തുർക്കിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് തകർത്തത്
ചിത്രം: യുഇഎഫ്എ യൂറോ 2020
ചിത്രം: യുഇഎഫ്എ യൂറോ 2020

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ വെയ്ൽസിനെ ഇറ്റലി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. രണ്ടാം മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് തുർക്കിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്തു. 

ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇറ്റലി പ്രീ-ക്വാർട്ടറിൽ കടന്നു. ഇന്നലെ തോറ്റെങ്കിലും ഗോൾ ശരാശരിയിൽ സ്വിറ്റ്‌സർലൻഡിനെ മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി വെയ്ൽസും നോക്കൗട്ടിലെത്തി.

ഇറ്റലി-വെയ്ൽസ് പോരാട്ടത്തിൽ മറ്റിയോ പെസ്സിന ആണ് വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ 39-ാം മിനിറ്റിലാണ്  പെസ്സിന ​ഗോൾവല കുലുക്കിയത്. കഴിഞ്ഞ 11 മത്സരങ്ങളിൽ ഒരു ​ഗോൾ പോലും വഴങ്ങാതെയാണ് അസൂറികളുടെ മുന്നേറ്റം. ഇറ്റലി പരാജയമറിയാതെ പിന്നിട്ട 30-ാം മത്സരമാണ് ഇന്നലത്തേത്. 

സ്വിറ്റ്‌സർലൻഡ്- തുർക്കി മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ഷെർദാൻ ഷാഖിരി ആണ് താരമായത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിസ് പട ​ഗോൾ അക്കൗണ്ട് തുറന്നു. 26-ാം മിനിറ്റിലായിരുന്നു ഷാഖിരിയുടെ ആദ്യ ​ഗോൾ. 62-ാം മിനിറ്റിലാണ് തുർക്കിയുടെ ആദ്യ ​ഗോൾ. ഇർഫാൻ കാവെസിയാണ് സ്വിസ് പടയുടെ ​ഗോൾവലയിളക്കിയത്. 68-ാം മിനിറ്റിൽതന്നെ ഷാഖിരിയുടെ രണ്ടാം ​ഗോളുമെത്തി. സ്വിറ്റ്‌സർലൻഡിന്റെ മൂന്ന് ​ഗോളിനും വഴിയൊരുക്കിയത് സ്റ്റീവൻ സുബറായിരുന്നു. 

പോയിന്റ് പട്ടികയിൽ നാലു പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ സ്വിസ് ടീമിനെ മറികടന്നാണ് വെയ്ൽസ് നോക്കൗട്ടിലെത്തിയത്. അതേസമയം ഗ്രൂപ്പുകളിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് പ്രീ-ക്വാർട്ടറിൽ പ്രവേശിക്കാൻ കഴിയുമെന്നതിനാൽ സ്വിസ് ടീം പ്രതീക്ഷയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com