നോയിഡയിലെ ഷൂട്ടിങ് റെയ്ഞ്ച് ഇനി 'ഷൂട്ടര്‍ മുത്തശ്ശി'യുടെ പേരില്‍; ചന്ദ്രോ തോമറിന് ആദരം

നോയിഡയിലെ ഷൂട്ടിങ് റെയ്ഞ്ച് ഇനി 'ഷൂട്ടര്‍ മുത്തശ്ശി'യുടെ പേരില്‍; ചന്ദ്രോ തോമറിന് ആദരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തയായ സ്ത്രീ സാന്നിധ്യവും ഷാര്‍പ്പ് ഷൂട്ടറുമായ ചന്ദ്രോ തോമറിന് ആദരവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നോയിഡയിലെ ഷൂട്ടിങ് റെയ്ഞ്ചിന് ചന്ദ്രോ തോമറിന്റെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ചന്ദ്രോ തോമര്‍ കോവിഡ് ബാധിച്ച് മരിച്ചത്. അവര്‍ക്ക് 89 വയസായിരുന്നു. 'ഷൂട്ടര്‍ മുത്തശ്ശി' എന്നാണ് ചന്ദ്രോ തോമര്‍ അറിയപ്പെട്ടിരുന്നത്. 

65ാം വയസില്‍ ആകസ്മികമായാണ് ചന്ദ്രോ തോമര്‍ ഷൂട്ടിങ് മത്സരങ്ങളില്‍ പങ്കെടുത്തത്. അമ്പരപ്പിക്കുന്ന മികവിനാല്‍ അവര്‍ ഷൂട്ടിങ് റെയ്ഞ്ചുകളില്‍ പ്രകമ്പനം തീര്‍ത്തു. നിരവധി ദേശീയ മെഡലുകള്‍ നേടിയ ചന്ദ്രോ തോമര്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ ഷൂട്ടറായിട്ടാണ് വിലയിരുത്തപ്പെട്ടത്. 

ഷൂട്ടിംഗ് പരിശീലനത്തിന് പോയ ചെറുമകള്‍ക്കൊപ്പം ഒരു കാഴ്ചക്കാരിയെന്ന നിലയില്‍ ചന്ദ്രോ പോകുമായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം ചന്ദ്രോ ചെറുമകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കാനായി ഷൂട്ടിങ് ചെയ്തു നോക്കിയതാണ്. 

പല തവണ കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞതോടെ ചന്ദ്രോയ്ക്ക് ഇതില്‍ വാസനയുണ്ടെന്ന് പരിശീലകര്‍ തിരിച്ചറിഞ്ഞു. ഇതോടെ ചന്ദ്രോയും പരിശീലനം തുടങ്ങി. കുടുംബത്തിന്റെ വിലക്കുകളും നാട്ടുകാരുടെ വിമര്‍ശനങ്ങളുമെല്ലാം മറികടന്ന് അവര്‍ വാര്‍ധക്യത്തിലും തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി അടിയുറച്ച് നിന്നു. 

ആ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ പിന്നീട് എല്ലാ എതിര്‍ സ്വരങ്ങളും നിശബ്ദമായി. മുപ്പതോളം ദേശീയ ചാമ്പ്യന്‍ഷിപ്പുകളും അവര്‍ വിജയിച്ചു. ഇതിന് പുറമെ വേറെയും നിരവധി നേട്ടങ്ങള്‍. ചന്ദ്രോ തോമറിനൊപ്പം പിന്നീട് അവരുടെ സഹോദരിയായ പ്രകാശ് തോമറും ഈ രംഗത്തേക്ക് കടന്നുവന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന വനിതാ ഷൂട്ടര്‍മാര്‍ എന്ന ബഹുമതിയാണ് ഇവരുവര്‍ക്കും നേടാനായത്. രാജ്യം സ്നേഹപുരസരം അവരെ 'ഷൂട്ടര്‍ ദാദിമാര്‍' എന്ന് വിളിച്ചു. 

യുപിയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, വീട്ടുജോലികളും കാര്‍ഷികവൃത്തിയും മാത്രം ചെയ്ത്, പതിനഞ്ചാം വയസില്‍ വിവാഹിതയും കുടുംബിനിയുമായ ചന്ദ്രോ തോമര്‍ ഏതൊരു സാധാരണക്കാരിയേയും സ്വാധീനിക്കുന്ന തരത്തിലാണ് പിന്നീട് ലോകപ്രശസ്തയായത്. പ്രായമായിട്ടും കണ്ണുകളുടെ സൂക്ഷ്മതയും ലക്ഷ്യത്തോടുള്ള അഭിനിവേശവും അവരെ വിട്ടുപോയിരുന്നില്ല. 

സ്ത്രീകളെ വീടുകള്‍ക്ക് പുറത്തിറക്കി, അവര്‍ക്ക് കായികമായ പരിശീലനം നല്‍കണമെന്നാവശ്യപ്പെടാനും ഇതിനായി പ്രവര്‍ത്തിക്കാനുമെല്ലാം ചന്ദ്രോ തോമര്‍ ഒരുപാട് പ്രയത്നിച്ചിരുന്നു. തന്റെ ഗ്രാമത്തില്‍ നിന്ന് തന്നെ ഇത്തരത്തില്‍ ഷൂട്ടിംഗ് ടീമിനെ ഏകോപിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ചന്ദ്രോയുടെയും പ്രകാശിന്റെയും ജീവിതകഥയാണ് പിന്നീട് 'സാന്ദ് കി ആംഖ്' എന്ന പേരില്‍ ബോളിവുഡ് സിനിമയായത്. തപ്സി പന്നുവും ഭൂമി പട്നേകറുമായിരുന്നു ചിത്രത്തില്‍ 'ഷൂട്ടര്‍ ദാദിമാര്‍' ആയി വേഷമിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com