'ഇടത്തേക്ക് ചാട്... ഇടത്തേക്ക് ചാട്'- ഇനിയെങ്കിലും പെപെ പറയുന്നത് കേള്‍ക്കു; പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പറോട് ആരാധകര്‍ (വീഡിയോ)

'ഇടത്തേക്ക് ചാട്... ഇടത്തേക്ക് ചാട്'- ഇനിയെങ്കിലും പെപെ പറയുന്നത് കേള്‍ക്കു; പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പറോട് ആരാധകര്‍ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബുഡാപെസ്റ്റ്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലും മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനി, ഫ്രാന്‍സ് ടീമുകളും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പോര്‍ച്ചുഗല്‍- ഫ്രാന്‍സ് പോരാട്ടവും ജര്‍മനി- ഹംഗറി പോരാട്ടവും 2-2ന് സമനിലയില്‍ അവസാനിച്ചു. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സെമ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരത്തിന്റെ സവിശേഷത. നാല് ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ആദ്യം ലീഡെടുത്തത് പോര്‍ച്ചുഗല്‍ ആയിരുന്നു. എന്നാല്‍ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബെന്‍സെമ പെനാല്‍റ്റി വലയിലാക്കി ഫ്രാന്‍സിനെ ഒപ്പമെത്തിക്കുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ ബെന്‍സെമ ഫ്രഞ്ച് ടീമിന് ലീഡും സമ്മാനിക്കുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ മറ്റൊരു പെനാല്‍റ്റി ടീമിന് സമനിലയും അവസാന 16ല്‍ സ്ഥാനവും ഉറപ്പിച്ചു. 

അതിനിടെ മത്സരത്തിലെ ഒരു ശ്രദ്ധേയ നിമിഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാം പകുതിയുടെ തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഫ്രാന്‍സ് സമനില പിടിക്കുന്നത്. ബെന്‍സെമയുടെ പെനാല്‍റ്റി കിക്കാണ് വലയില്‍ കയറിയത്. 

പെനാല്‍റ്റി എടുക്കാന്‍ ബെന്‍സെമ സ്‌പോട്ടില്‍ എത്തിയ സമയത്ത് പോര്‍ച്ചുഗല്‍ പ്രതിരോധ താരം പെപെ ഗോള്‍ കീപ്പര്‍ ലൂയി പാട്രീഷ്യോക്ക് തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബെന്‍സെമയും പെപെയും റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബെന്‍സെമ ഏത് വശത്തേക്കായിരിക്കും കിക്കെടുക്കുക എന്ന ഊഹം പെപെയ്ക്കുണ്ടായിരുന്നു. അതനുസരിച്ച് പാട്രീഷ്യയോട് പെപെ ഇടത്തേക്ക് ഡൈവ് (ഗോള്‍ കീപ്പറുടെ വലത്) ചെയ്യാനാണ് ആവശ്യപ്പെട്ടത്. 

ബെന്‍സെമ പെപെ പറഞ്ഞ കൃത്യം ദിശയിലേക്കാണ് പന്തടിച്ചത്. എന്നാല്‍ പാട്രീഷ്യോ അതിന് നേര്‍വിപരീത ദിശയിലേക്കാണ് ചാടിയത്. ഇതോടെ പന്ത് വലയിലായി. 

ഇനിയെങ്കിലും പെപെ പറയുന്നത് കേള്‍ക്കാണ് പാട്രീഷ്യോ തയ്യാറാകാണമെന്ന് ആരാധകര്‍ പറയുന്നു. പെപെ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പോര്‍ച്ചുഗലിന് ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com