രാജസ്ഥാൻ റോയൽസിന്റെ മൂല്യം 18000 കോടി കടന്നു, ലിവർപൂൾ ക്ലബിൽ നിക്ഷേപമുള്ള കമ്പനി വാങ്ങിയത് 15 ശതമാനം ഓഹരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 01:26 PM  |  

Last Updated: 25th June 2021 01:28 PM  |   A+A-   |  

Rajasthan throws Delhi out

സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഉനദ്കട്/ ട്വിറ്റർ

 

ന്യൂഡൽഹി: ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ മൂല്യം കുത്തനെ ഉയർന്നതായി സൂചന. പ്രീമിയർ ലീ​ഗ് ടീം ലിവർപൂൾ എഫ്സിയിൽ‌ നിക്ഷേപമുള്ള റെഡ്ബേർഡ് കാപ്പിറ്റൽ പാർട്ണേഴ്സ് രാജസ്ഥാൻ റോയൽസിന്റെ  15 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. 

റെഡ്ബേർഡ് കാപ്പിറ്റൽ ഓഹരി സ്വന്തമാക്കിയതോടെ രാജസ്ഥാൻ റോയൽസിന്റെ മൂല്യം 18000 കോടി രൂപ കടന്നു. ടീമിന്റെ ഭൂരിഭാ​ഗം ഓഹരിയും കയ്യിലുള്ള ലണ്ടൻ ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് മനോജ് ബഡാലെ ടീമിന്റെ കൂടുതൽ ഓഹരി സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്. ടീമിന്റെ 65 ശതമാനം ഓഹരിയാണ് മനോജ് ബഡാലയുടെ കൈകളിലുള്ളത്. 

ആരാധകരുടെ കാര്യത്തിലായാലും കളിക്കാരുടെ കാര്യത്തിലായാലും പോസിറ്റീവ് ചിന്താ​ഗതിയോടെ ലോകത്തിന്റെ ശ്രദ്ധ പിടിക്കുന്ന ലീഡാണ് ഐപിഎൽ എന്ന് റെഡ്ബേർഡ് ക്യാപിറ്റൽ എംഡി ജെറി കാർഡിനാലെ പറഞ്ഞു. രാജസ്ഥാന്റെ ​ഗ്രൗണ്ടിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സംബന്ധമായ മുന്നേറ്റങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കളിയിലേക്ക് വരുമ്പോൾ സഞ്ജു സാംസണിനെ നായകനായി ഇറക്കിയുള്ള ആദ്യ സീസണിൽ മികച്ച തുടക്കമല്ല രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് സീസൺ പകുതി വെച്ച് നിർത്തുമ്പോൾ ഏഴ് കളിയിൽ നാല് മത്സരങ്ങൾ രാജസ്ഥാൻ റോയൽസ് തോറ്റിരുന്നു. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാന് യുഎഇയിൽ സീസണിൽ പുനരാരംഭിക്കുമ്പോൾ മികവ് കാണിക്കാനായേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.