ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടി20 ലോകകപ്പ് യുഎഇയിലേക്ക്; ഒക്ടോബർ 17ന് തുടക്കം, ഫൈനൽ നവംബർ 14ന്

ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവാത്തതും മൂന്നാം തരം​ഗം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് വേദി യുഎഇയിലേക്ക് മാറ്റുന്നത്

ന്യൂഡൽഹി: ഈ വർഷം ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവാത്തതും മൂന്നാം തരം​ഗം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് വേദി യുഎഇയിലേക്ക് മാറ്റുന്നത് എന്നാണ് റിപ്പോർട്ട്. 

ഒക്ടോബർ 17നായിരിക്കും ഉദ്ഘാടന മത്സരം. ഫൈനൽ നവംബർ 14ന്. സെപ്തംബർ 19നാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. യുഎഇ തന്നെയാണ് ഐപിഎല്ലിന്റേയും വേദി. എന്നാൽ ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ബിസിസിഐ തങ്ങളുടെ നിലപാട് ഔദ്യോ​ഗികമായി ഐസിസിയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. 

ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ രണ്ട് ​ഗ്രൂപ്പുകളായി തിരിച്ച് യുഎഇയിലും ഒമാനിലുമായി നടത്താനാണ് ഇപ്പോഴത്തെ ആലോചന. റൗണ്ട് ഒന്നിൽ 12 മത്സരങ്ങളാണ് ഉണ്ടാവുക. ഇതിൽ എട്ട് ടീമുകളാണ് പോരിനിറങ്ങുന്നത്. നാല് ​ടീമുകൾ വീതമുള്ള രണ്ട് ​ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ പിടിക്കുന്ന നാല് ടീമുകൾ സൂപ്പർ 12ലേക്ക് കടക്കും. 

സൂപ്പർ 12ൽ 30 മത്സരങ്ങളാണ് ഉള്ളത്. ഇത് ഒക്ടോബർ 24ന് ആരംഭിക്കും. സൂപ്പർ 12ൽ ആറ് ടീമുകൾ വീതമുള്ള രണ്ട് ടീമുകളായി തിരിക്കും. യുഎഇയിലെ മൂന്ന് വേദികളായ ദുബായി, അബുദാബി, ഷാർജ എന്നിവിടങ്ങളിലാവും സൂപ്പർ 12 മത്സരങ്ങൾ. പിന്നാലെ മൂന്ന് പ്ലേഓഫും രണ്ട് സെമി ഫൈനലും ഫൈനലും എന്നതാണ് മത്സരക്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com