ഇറ്റലി കടന്നു കൂടിയപ്പോള്‍ സ്‌പെയ്ന്‍ വിറച്ചു, ഫ്രാന്‍സ് പുറത്ത്, ഇനി ഇംഗ്ലണ്ടോ? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 12:13 PM  |  

Last Updated: 29th June 2021 12:33 PM  |   A+A-   |  

german_football_team

ഫോട്ടോ: ട്വിറ്റര്‍

 

സ്ട്രിയക്കെതിരെ അധിക സമയത്ത് കടന്നു കൂടുകയായിരുന്നു ഇറ്റലി. നെതര്‍ലാന്‍ഡിന് പുറത്തേക്കുള്ള വഴി തുറന്നത് ചെക്ക്. നിലവിലെ ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷുട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് വീഴ്ത്തി. സ്‌പെയ്ന്‍ കടന്നു കൂടിയത് വിയര്‍പ്പ് ഒഴുക്കിയും...ഇനി ഇംഗ്ലണ്ടും ജര്‍മനിയും. 

യൂറോ കപ്പില്‍ ഇന്ന് ജര്‍മനി-ഇംഗ്ലണ്ട് പോര്. യൂറോ 2020 പ്രീക്വാര്‍ട്ടറില്‍ പ്രവചനങ്ങള്‍ അപ്രസക്തമാവുന്നതാണ് ഇതുവരെ കണ്ടത്. 1996ലെ യൂറോ കപ്പില്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടമാക്കിയതിന്റെ കണക്ക് തീര്‍ക്കാന്‍ സൗത്ത്‌ഗേറ്റ് ഇന്ന് ജര്‍മനിക്കെതിരെ തന്റെ ടീമുമായി ഇറങ്ങും. 

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം പിടിച്ചാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. കഴിഞ്ഞ 17 കളിയില്‍ അവര്‍ വഴങ്ങിയത് 5 ഗോള്‍ മാത്രം. തോല്‍വി അറിയാതെ 9 കളികള്‍. ജര്‍മനിയാവട്ടെ നാല് പോയിന്റുമായി സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെയാണ് ഗ്രൂപ്പ് ഘട്ടം പിന്നിട്ടത്. 

കഴിഞ്ഞ ആറ് കളിയില്‍ അവകാശപ്പെടാന്‍ ജര്‍മനിയുടെ പക്കല്‍ ഒരു ക്ലീന്‍ ഷീറ്റ് പോലുമില്ല. നവംബറില്‍ 6-0ന് തോറ്റതിന്റെ മുറിവും യൂറോയിലെ മുന്നേറ്റത്തിലൂടെ അവര്‍ക്ക് മായ്‌ക്കേണ്ടതുണ്ട്. 2016 യൂറോയില്‍ ഐസ്ലാന്‍ഡ് ആണ് ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നത്. 

യൂറോയിലും ലോകകപ്പിലുമായി ഏഴ് വട്ടമാണ് ഇംഗ്ലണ്ടും ജര്‍മനിയും നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഇരു ടീമും രണ്ട് വട്ടം വീതം ജയം പിടിച്ചു. മൂന്ന് തവണ സമനിലയായി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം വട്ടമാണ് അവര്‍ നേര്‍ക്കുനേര്‍ വരുന്നത്. 1996ലെ സെമി ഫൈനലില്‍ 1-1 സമനിലയിലേക്ക് വന്നതിന് പിന്നാലെ ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു. 
 
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അന്ന് 6-5നാണ് ജര്‍മനി ജയിച്ചു കയറിയത്. വെബ്ലിയില്‍ ഇത് 13ാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. അവിടെ ആദ്യ അഞ്ചില്‍ നാലിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു, 1966ലെ ഫൈനല്‍ ഉള്‍പ്പെടെ. എന്നാല്‍ വെബ്ലിയില്‍ കഴിഞ്ഞ ഏഴ് കളികളില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ട് ജയം കണ്ടിട്ടില്ല. 5 വട്ടം തോറ്റപ്പോള്‍ രണ്ട് കളി സമനിലയിലായി.