ജര്‍മനിയെ 2-0ന് തകര്‍ത്ത് ഇംഗ്ലണ്ട്‌, 120 മിനിറ്റ് നീണ്ട പോരില്‍ സ്വീഡനെ വീഴ്ത്തി ഉക്രെയ്ന്‍; യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

ഒരിക്കല്‍ കൂടി റഹീം സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിനായി ഗോള്‍ വല കുലുക്കുകയും ഹാരി കെയ്ന്‍ യൂറോ 2020ലെ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്തപ്പോള്‍ ജര്‍മനി പ്രീക്വാര്‍ട്ടറില്‍ പുറത്ത്
ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍
ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍

വെംബ്ലി: ഒരിക്കല്‍ കൂടി റഹീം സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിനായി ഗോള്‍ വല കുലുക്കുകയും ഹാരി കെയ്ന്‍ യൂറോ 2020ലെ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്തപ്പോള്‍ ജര്‍മനി പ്രീക്വാര്‍ട്ടറില്‍ പുറത്ത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മനിയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നത്. 

75ാം മിനിറ്റിലാണ് റഹീം സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നത്. ലൂക്ക് ഷോയുടെ അസിസ്റ്റിലായിരുന്നു സ്റ്റെര്‍ലിങ്ങിന്റെ ഗോള്‍. 81ാം മിനിറ്റില്‍ സമനില പിടിക്കാനായി മുന്‍പില്‍ തുറന്ന് കിട്ടിയ അവസരം തോമസ് മുള്ളര്‍ നഷ്ടപ്പെടുത്തിയതാണ് ജര്‍മനിക്ക് വിനയായത്. 

ഹാവെര്‍ട്‌സില്‍ നിന്ന് കിട്ടിയ പാസ് സ്വീകരിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ മാത്രമായിരുന്നു മുള്ളറുടെ മുന്‍പില്‍. എന്നാല്‍ മുള്ളറുടെ ഷോട്ടോ പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ 86ാം മിനിറ്റില്‍ കെയ്‌നിന്റെ ഗോളെത്തി. 

ഉക്രെയ്‌നാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. സ്വീഡനെ 1-2ന് തകര്‍ത്ത ആവേശപ്പോരിലൂടെയാണ് ഉക്രെയ്ന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 27ാം മിനിറ്റില്‍ സിന്‍ചെങ്കോയുടെ ഗോളിലൂടെ ഉക്രെയ്ന്‍ ഗോള്‍ വല കുലുക്കിയപ്പോള്‍ 43ാം മിനിറ്റില്‍ സ്വീഡന്റെ എമില്‍ ഫോര്‍സ്ബര്‍ഗ് സമനില ഗോളുമായെത്തി. 

നിശ്ചിത സമയത്ത് ഇരു ടീമും സമനില വിടാതെ കളിച്ചതോടെ കളി അധിക സമയത്തേക്ക് നീണ്ടു. 99ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയത് സ്വീഡന് തിരിച്ചടിയായി. ഉക്രെയ്ന്‍ താരം ബെസെഡിനെതിരായ ഫൗളിനാണ് പ്രതിരോധനിര താരം മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഒടുവില്‍ 120+1 മിനിറ്റിലാണ് യൂറോ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഉക്രെയ്‌നിന്റെ ഗോള്‍ എത്തിയത്. ഡോവ്ബിക്കാണ് ഇവിടെ ഉക്രെയ്‌നിന്റെ ഹീറോയായത്.

ഇതോടെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം പൂര്‍ണമായി. ജൂലൈ രണ്ടിന് നടക്കുന്ന പോരില്‍ സ്‌പെയ്ന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരിടും. ജൂലൈ മൂന്നിന് ബെല്‍ജിയം-ഇറ്റലി മത്സരം. ജൂലൈ മൂന്നിന് ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ജൂലൈ നാലിന് ഉക്രെയ്ന്‍-ഇംഗ്ലണ്ട് പോര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com