മെസിയുടെ കരാര്‍ ഇന്ന് അവസാനിക്കും, നാളെ മുതല്‍ സ്വതന്ത്രന്‍; ചങ്കിടിപ്പോടെ ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th June 2021 11:51 AM |
Last Updated: 30th June 2021 11:51 AM | A+A A- |

മെസി/ഫയല്‍ ചിത്രം
അര്‍ജന്റീനിയന്‍ നായകന്‍ മെസിയുടെ ബാഴ്‌സലോണ എഫ്‌സിയുമായുള്ള കരാര്‍ ഇന്ന് അവസാനിക്കും. കഴിഞ്ഞ സീസണില്‍ ബാഴ്‌സ വിടാനുള്ള തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ മെസി ക്ലബുമായി പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ല.
രണ്ട് വര്‍ഷത്തെ കരാറില്‍ ബാഴ്‌സയുമായി മെസി ധാരണയില്‍ എത്തുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത ആഴ്ചയിലേക്ക് നീളുന്നതോടെ മെസിയെ റിലീസ് തുകയുടെ ഭാരമില്ലാതെ ക്ലബുകള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് തെളിയുന്നത്.
ബാഴ്‌സ വിടാനുള്ള താത്പര്യം മെസി പരസ്യമാക്കിയതിന് പിന്നാലെ പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് താരത്തിനായി മുന്‍പിലുള്ളത്. പിഎസ്ജിയില്‍ നെയ്മര്‍ക്കൊപ്പം മെസി ചേരാനെത്തുമോ അതോ ഗാര്‍ഡിയോളയ്‌ക്കൊപ്പം ചേരാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവുമോ മെസി പോകാന്‍ താത്പര്യപ്പെടുക എന്നതെല്ലാം ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചകളായി തുടരുന്നു.
അതിനിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അര്‍ജന്റീനിയന്‍ സഹതാരം അഗ്യുറോയെ ന്യൂകാമ്പിലേക്ക് എത്തിച്ച് മെസിയെ പിടിച്ചു നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ബാഴ്‌സ സജീവമാക്കിയിട്ടുണ്ട്. ലിയോണ്‍ മുന്നേറ്റ നിര താരം മെംഫിസ് ഡീപേയും സിറ്റി പ്രതിരോധ നിര താരം ഗാര്‍സിയയും ബാഴ്‌സയിലേക്ക് എത്തുന്നുണ്ട്.
സീസണില്‍ മോശം പ്രകടനമാണ് ബാഴ്‌സയില്‍ നിന്ന് വന്നത്. ലാ ലീഹയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കിരീടം ഉയര്‍ത്തിയപ്പോള്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ സീസണ്‍ അവസാനിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗിലാവട്ടെ അവസാന 16ല്‍ പുറത്തായി.