പണമാണ് ഐപിഎല്ലില്‍ എല്ലാം, ക്രിക്കറ്റിന് പ്രാധാന്യം ലഭിക്കുന്നത് പിഎസ്എല്‍ പോലുള്ളിടത്ത് മാത്രം: ഡെയ്ല്‍ സ്റ്റെയിന്‍

ഐപിഎല്ലില്‍ ഗ്രൗണ്ടിലെ നമ്മുടെ പ്രകടനത്തിന്റെ പേരിലല്ല നമ്മള്‍ ഓര്‍മിക്കപ്പെടുന്നത്. നേടുന്ന പ്രതിഫലത്തിന്റെ പേരിലാണ്
ഡെയ്ല്‍ സ്റ്റെയ്ന്‍/ഫയല്‍ ചിത്രം
ഡെയ്ല്‍ സ്റ്റെയ്ന്‍/ഫയല്‍ ചിത്രം

കറാച്ചി: ഐപിഎല്ലിനെതിരെ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം പണത്തിനും, വമ്പന്‍ പേരുകള്‍ക്കുമാണ് ഐപിഎല്‍ നല്‍കുന്നതെന്ന് സ്റ്റെയ്ന്‍ പറയുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ലങ്കന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലേക്ക് വന്നാല്‍ അവിടെ ക്രിക്കറ്റിനാണ് പ്രാധാന്യം നല്‍കുന്നത്. കളിക്കാരന്‍ എന്ന നിലയില്‍ ഇതുപോലെ ചെറിയ ലീഗുകളാണ് എനിക്ക് ഗുണകരമാവുന്നത്. കാരണം ഐപിഎല്ലില്‍ വമ്പന്‍ സ്‌ക്വാഡും താരങ്ങളുമുണ്ടാവും. അവിടെ ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം കളിക്കാര്‍ നേടുന്ന പ്രതിഫലത്തിലാണ്. 

പാകിസ്ഥാനിലേക്ക് ഞാന്‍ കളിക്കാനെത്തിയിട്ട് കുറച്ച് ദിവസങ്ങളേ ആവുന്നുള്ളു. എന്നാല്‍ എന്നെ അന്വേഷിച്ച് നിരവധി ആരാധകരാണ് റൂമിന് പുറത്ത് കാത്ത് നില്‍ക്കുന്നത്. ഐപിഎല്ലില്‍ ഗ്രൗണ്ടിലെ നമ്മുടെ പ്രകടനത്തിന്റെ പേരിലല്ല നമ്മള്‍ ഓര്‍മിക്കപ്പെടുന്നത്. നേടുന്ന പ്രതിഫലത്തിന്റെ പേരിലാണ്. അതാണ് യാഥാര്‍ഥ്യം. അതില്‍ നിന്നെല്ലാം കുറച്ചു കാലം മാറി നില്‍ക്കാന്‍ വേണ്ടിയാണ് ഇത്തവണ ഐപിഎല്‍ ഉപേക്ഷിച്ചതെന്നും സ്റ്റെയിന്‍ പറഞ്ഞു. 

കഴിഞ്ഞ സീസണില്‍ വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു സ്‌റ്റെയിന്‍. എന്നാല്‍ കാര്യമായ അവസരങ്ങള്‍ ഇവിടെ സ്‌റ്റെയിനിന് ലഭിച്ചില്ല. മാത്രമല്ല ലഭിച്ച അവസരങ്ങളില്‍ മികവ് കാണിക്കാനും സ്‌റ്റെയ്‌നിന് സാധിച്ചില്ല. ഇത്തവണ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി സ്റ്റെയിന്‍ താര ലേലത്തിന് മുന്‍പ് അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com