'മാധ്യമ ശ്രദ്ധക്കായി ഐപിഎല്‍ വേദിയിലേക്ക് കര്‍ഷക മാര്‍ച്ച് വന്നാലോ?' മൊഹാലി വേദിയാക്കാത്തതിന് പിന്നില്‍ കര്‍ഷക പ്രക്ഷോഭം 

പഞ്ചാബില്‍ വേദിയില്ലാത്തത് ചോദ്യം ചെയ്ത് പഞ്ചാബ് കിങ്‌സിന്റെ സിഇഒ ബിസിസിഐയെ സമീപിച്ചിരുന്നു
പഞ്ചാബ് കിങ്‌സ് ടീം/ ഫയല്‍ ചിത്രം
പഞ്ചാബ് കിങ്‌സ് ടീം/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്‍ വേദികളില്‍ നിന്ന് പഞ്ചാബിനെ ഒഴിവാക്കിയത് കര്‍ഷക പ്രക്ഷോഭത്തിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. പഞ്ചാബില്‍ വേദിയില്ലാത്തത് ചോദ്യം ചെയ്ത് പഞ്ചാബ് കിങ്‌സിന്റെ സിഇഒ ബിസിസിഐയെ സമീപിച്ചിരുന്നു. 

ഐപിഎല്‍ വേദികളുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് മൊഹാലിയുടെ പേര് ഒഴിവാക്കിയതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മൊഹാലി ഐപിഎല്ലിന് വേദിയാവുകയും, കര്‍ഷകര്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് നടത്തുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്യുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാധ്യമശ്രദ്ധ കിട്ടാന്‍ ഐപിഎല്‍ വേദിയിലേക്ക് കര്‍ഷകര്‍ എത്തിയേക്കുമെന്നതാണ് ബിസിസിഐ വൃത്തങ്ങളുടെ വാദം. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും ഐപിഎല്‍ വേദി നിശ്ചയിക്കുന്ന സമയം കണക്കിലെടുത്തിട്ടുണ്ട്. മൊഹാലിയെ ഐപിഎല്‍ വേദികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ട്വിറ്ററിലെത്തിയിരുന്നു. 

കോവിഡ് കേസുകള്‍ കുറവായിട്ടും ഐപിഎല്‍ വേദിയില്‍ നിന്ന് പഞ്ചാബിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ബിസിസിഐക്ക് കത്തയച്ചതായി പഞ്ചാബ് കിങ് സഹ ഉടമ നെസ് വാഡിയ പറഞ്ഞു. എന്ത് മാനദണ്ഡം അനുസരിച്ചാണ് വേദികള്‍ തെരഞ്ഞെടുത്തത് എന്നാണ് ബിസിസിഐയോട് പഞ്ചാബ് കിങ്‌സിന്റെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com