ഹിറ്റ്മാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്റ്റോക്‌സിന്റെ പ്രഹരം; ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം

ഹിറ്റ്മാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്റ്റോക്‌സിന്റെ പ്രഹരം; ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം
രോഹിത് ശർമ/ പിടിഐ
രോഹിത് ശർമ/ പിടിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. ഓപണിങ് ഇറങ്ങി ഒരു ഭാഗത്ത് പൊരുതി നിന്ന രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണു. രോഹിതിനെ ബെന്‍ സ്‌റ്റോക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 49 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍. 22 റണ്‍സുമായി ഋഷഭ് പന്തും രണ്ട് റണ്ണുമായി ആർ അശ്വിനുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനി 80 റണ്‍സ് കൂടി വേണം. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് ബലി കഴിക്കേണ്ടി വന്നത്. ചേതേശ്വര്‍ പൂജാര (17), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (പൂജ്യം), അജിന്‍ക്യ രഹാനെ (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. പൂജാരയെ ജാക്ക് ലീഷും കോഹ്‌ലിയെ ബെന്‍ സ്‌റ്റോക്‌സും രഹാനെയെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. രോഹിത് രഹാനെ സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശവേയാണ് ആന്‍ഡേഴ്‌സന്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. ആദ്യ ദിവസം ശുഭ്മാന്‍ ഗില്ലിനെ മടക്കിയതും ആന്‍ഡേഴ്‌സനാണ്.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റന്‍ ജോ റൂട്ട് (5) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. 

പിന്നാലെ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ  ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം ഇംഗ്ലണ്ടിനായി നാലാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് സ്‌റ്റോക്ക്‌സും ഒലി പോപ്പും ചേര്‍ന്ന് സ്‌കോര്‍ 121 വരെയെത്തിച്ചു. അര്‍ധ സെഞ്ച്വറി നേടിയ സ്‌റ്റോക്ക്‌സിനെ (55) പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

തുടര്‍ന്ന് ഒലി പോപ്പിനൊപ്പം ഡാനിയല്‍ ലോറന്‍സും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 166 വരെയെത്തി. ഈ സമയം 29 റണ്‍സെടുത്ത പോപ്പിനെ അശ്വിന്‍ മടക്കി. പിന്നാലെ എത്തിയ ബെന്‍ ഫോക്‌സ് (1) വന്നപാടേ മടങ്ങി. 46 റണ്‍സെടുത്ത ലോറന്‍സിനെ അക്‌സര്‍ പട്ടേല്‍ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്‌സന്‍ 10 റണ്‍സോടെ പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com