ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ് നാണംകെട്ട് ലിവര്‍പൂള്‍; ഇത്തവണ വീണത് ചെല്‍സിക്ക് മുന്നില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 05th March 2021 10:16 AM |
Last Updated: 05th March 2021 10:16 AM | A+A A- |

ചെൽസിയുടെ വിജയ ഗോൾ വലയിൽ/ ട്വിറ്റർ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. മേസന്‍ മൗണ്ടാണ് ചെല്‍സിയുടെ വിജയ ഗോള്‍ വലയിലാക്കിയത്. കളിയുടെ 42ാം മിനിറ്റിലാണ് മൗണ്ട് ഗോള്‍ നേടിയത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
ചരിത്രത്തില്‍ ആദ്യമായി സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ തോല്‍ക്കുക എന്ന നാണക്കേടും ലിവര്‍പൂളിന് ലഭിച്ചു. തോല്‍വിയോടെ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഫ്രാങ്ക് ലംപാര്‍ഡിനെ പുറത്താക്കിയ ശേഷം പുതിയ പരിശീലകന്‍ തോമസ് ടുചലിന് കീഴില്‍ മികച്ച പ്രകടനമാണ് ചെല്‍സി നടത്തുന്നത്. ടുചല്‍ സ്ഥാനമേറ്റ ശേഷം എല്ലാ ടൂര്‍ണമെന്റിലുമായി തോല്‍വി അറിയാതെ പത്ത് കളികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചെല്‍സി.
മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടണ്‍ വെസ്റ്റ് ബ്രോംവിച്ചിനെയും ടോട്ടനം ഹോട്‌സ്പര്‍ ഫുള്‍ഹാമിനെയും തോല്‍പ്പിച്ചു. മറുപടിയില്ലാത്ത ഓരോ ഗോളുകള്‍ക്കാണ് ടോട്ടനം, എവര്‍ട്ടന്‍ ടീമുകളും വിജയം സ്വന്തമാക്കിയത്.