35 പന്തിൽ 80 റൺസ്! തകർത്തടിച്ച് വീണ്ടും വീരു; ഒപ്പം കൂട്ടായി സച്ചിനും; ‍ടീമിന് പത്ത് വിക്കറ്റ് വിജയം

35 പന്തിൽ 80 റൺസ്! തകർത്തടിച്ച് വീണ്ടും വീരു; ഒപ്പം കൂട്ടായി സച്ചിനും; ‍ടീമിന് പത്ത് വിക്കറ്റ് വിജയം
സച്ചിനും സെവാ​​ഗും ബാറ്റിങിനിടെ/ ട്വിറ്റർ
സച്ചിനും സെവാ​​ഗും ബാറ്റിങിനിടെ/ ട്വിറ്റർ

റായ്പുർ: ഒരിക്കൽ കൂടി വീരേന്ദർ സെവാ​ഗും സച്ചിൻ ടെണ്ടുൽക്കറും കത്തിക്കയറി. സുവർണ കാലത്തെ അനുസ്മരിപ്പിക്കും വിധം ഇരുവരും ബാറ്റ് വീശിയപ്പോൾ പത്ത് വിക്കറ്റിന്റെ മിന്നും ജയവും ടീമിന് സ്വന്തം. റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 ടൂർണമെന്റിൽ ബംഗ്ലാദേശ് ലെജൻഡ്‌സിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ ലെജൻഡ്‌സ്. 

ബംഗ്ലാദേശ് ഉയർത്തിയ 110 റൺസ് വിജയ ലക്ഷ്യം വെറും 10.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച വീരേന്ദർ സെവാഗ് - സച്ചിൻ ടെണ്ടുൽക്കർ സഖ്യമാണ് വിജയം അനായാസമാക്കിയത്. 

പതിവു പോലെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സെവാഗ് വെറും 35 പന്തിൽ അഞ്ച് സിക്‌സും 10 ഫോറുമടക്കം 80 റൺസോടെ പുറത്താകാതെ നിന്നു. സച്ചിൻ 26 പന്തിൽ നിന്ന് അഞ്ച് ഫോറുകളോടെ 33 റൺസുമായി പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജൻഡ്‌സ് 19.4 ഓവറിൽ 109 റൺസിന് ഓൾഔട്ടായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ എട്ടോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസെടുത്ത ശേഷമാണ് ബംഗ്ലാദേശ് തകർന്നടിഞ്ഞത്. 

33 പന്തിൽ 49 റൺസെടുത്ത ഓപ്പണർ നസിമുദ്ദീനാണ് അവരുടെ ടോപ് സ്‌കോറർ. നസിമുദ്ദീനെ കൂടാതെ ജാവേദ് ഒമർ (12), രജിൻ സലേഹ് (12) എന്നിവർമാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടത്. ഇന്ത്യ ലെജൻഡ്‌സിനായി യുവ്‌രാജ് സിങ്, പ്രഗ്യാൻ ഓജ, വിനയ് കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com