വിരാട് കോഹ്‌ലി/ പിടിഐ
വിരാട് കോഹ്‌ലി/ പിടിഐ

കോഹ്‌ലിക്ക് ഇത് എന്തുപറ്റി? ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറിയടിച്ചത് 2019ല്‍

കോഹ്‌ലിക്ക് ഇത് എന്തുപറ്റി? ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറിയടിച്ചത് 2019ല്‍

അഹമ്മദാബാദ്: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ സംശയലേശമെന്യേ പറയുന്ന പേരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കാലം മുതല്‍ മികവോടെ ബാറ്റ് വീശുന്ന കോഹ്‌ലി ക്രിക്കറ്റിലെ പല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ താരം കൂടിയാണ്. 

എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഉജ്ജ്വലമായി ബാറ്റ് ചെയ്തിരുന്ന കോഹ്‌ലി സമീപ കാലത്ത് അത്ര ഫോമിലല്ല. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് കോഹ്‌ലിക്ക് സ്വന്തമാക്കാന്‍ സാധിച്ചത് 267 റണ്‍സ് മാത്രം. 2019ന് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും നേടാന്‍ കോഹ്‌ലിക്ക് സാധിച്ചില്ല. 
2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ആണ് അദ്ദേഹം ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറി കണ്ടെത്തിയത്. നിലവില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും കോഹ്‌ലി പൂജ്യം റണ്‍സില്‍ പുറത്തായി. ഈ പരമ്പരയില്‍ താരം ഇത് രണ്ടാം തവണയാണ് സംപൂജ്യനാകുന്നത്. 

2020ല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് കോഹ്‌ലിയുടെ സ്‌കോര്‍ ഇങ്ങനെയായിരുന്നു. 2, 19, 3, 14. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ഒരു ടെസ്റ്റ് മാത്രമാണ് താരം കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സെടുത്ത ഇന്ത്യന്‍ നായകന് രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് യഥാക്രമം 11, 72, 0, 62, 27, ബാറ്റ് ചെയ്തില്ല, 0 ഇതാണ് താരത്തിന്റെ ബാറ്റിങ് ഫിഗര്‍. 

നിലവില്‍ കരിയറിലെ 91ാം ടെസ്റ്റാണ് കോഹ്‌ലി കളിക്കുന്നത്. ടെസ്റ്റില്‍ അരങ്ങേറിയ കാലം മുതല്‍ക്കുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ താരം ഏറ്റവും മോശം ഫോമില്‍ കളിക്കുന്നത് ആദ്യമാണ്. ഒന്നാം ടെസ്റ്റ് മുതല്‍ 30ാം ടെസ്റ്റ് വരെയുള്ള കാലത്ത് എട്ട് ശതകങ്ങളും ഒന്‍പത് അര്‍ധ ശതകങ്ങളുമാണ് താരത്തിന്റെ സമ്പാദ്യം. 31 മുതല്‍ 60 വരെയുള്ള പോരാട്ടത്തില്‍ ഒന്‍പത് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും. ഈ ഘട്ടത്തില്‍ നാല് ഇരട്ട ശതകങ്ങളമുണ്ട്. 61 മുതല്‍ 90 വരെയുള്ള ടെസ്റ്റുകളില്‍ 10 സെഞ്ച്വറികളും 11 അര്‍ധ അര്‍ധ സെഞ്ച്വറികളും കോഹ്‌ലി നേടിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com