ജൊവാന്‍ ലപോര്‍ട്ട ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റ്; സ്ഥാനത്തെത്തുന്നത് രണ്ടാം തവണ

ജൊവാന്‍ ലപോര്‍ട്ട ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റ്; സ്ഥാനത്തെത്തുന്നത് രണ്ടാം തവണ
ജൊവാൻ ലപോർട്ട/ ട്വിറ്റർ
ജൊവാൻ ലപോർട്ട/ ട്വിറ്റർ

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായി ജൊവാന്‍ ലപോര്‍ട്ട തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ലപോര്‍ട്ട പ്രസിഡന്റ് പദവിയിലെത്തുന്നത്. ജോസഫ് മരിയ ബെര്‍ത്തോമ്യുയുടെ പകരക്കാരനായാണ് ലപോര്‍ട്ട സ്ഥാനത്ത് തിരിച്ചെത്തുന്നത്. 

ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകള്‍ നേടിയാണ് ലപോര്‍ട്ട വിജയിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന ടോണി ഫ്രെയിക്‌സ, വിക്ടര്‍ ഫോണ്ട് എന്നിവരെ മറികടന്നാണ് ലപോര്‍ട്ട ബാഴ്‌സയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിക്ടര്‍ ഫോണ്ടിന് 30 ശതമാനം വോട്ടുകളും ഫ്രെയിക്‌സയ്ക്ക് എട്ട് ശതമാനം വോട്ടുകളും ലഭിച്ചു. 

ഇതിനു മുമ്പ് 2003ലാണ് ലപോര്‍ട്ട ആദ്യമായി ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ക്ലബിന്റെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. നാല് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും ബാഴ്‌സ സ്വന്തമാക്കിയത് ഈ ഘട്ടത്തിലായിരുന്നു.

മെസി ടീം വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കം നിരവധി പ്രശ്‌നങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും നേരിട്ടാണ് മുന്‍ പ്രസിഡന്റ് ബെര്‍ത്തോമ്യു സ്ഥാനമൊഴിഞ്ഞത്. പിന്നാലെ പൊലീസ് അറസ്റ്റടക്കമുള്ള നിയമ നടപടികളും കഴിഞ്ഞ ദിവസം അദ്ദേഹം നേരിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com