വിജയ് ഹസാരെ ട്രോഫി; കേരളം ക്വാർട്ടറിൽ തോറ്റു; അധികാരിക വിജയത്തോടെ കർണാടക സെമിയിൽ

വിജയ് ഹസാരെ ട്രോഫി; കേരളം ക്വാർട്ടറിൽ തോറ്റു; അധികാരിക വിജയത്തോടെ കർണാടക സെമിയിൽ
കർണാടകയുടെ മലയാളി ബാറ്റ്സ്മാൻ ദേവ്ദത്ത് പടിക്കൽ/ ട്വിറ്റർ
കർണാടകയുടെ മലയാളി ബാറ്റ്സ്മാൻ ദേവ്ദത്ത് പടിക്കൽ/ ട്വിറ്റർ

ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്വാർട്ടറിൽ കേരളത്തിന് തോൽവി. കേരളത്തെ തകർത്ത് കർണാടക സെമിയിലേക്ക് മുന്നേറി. ആ​ദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 338 റൺസ് വാരിയപ്പോൾ കേരളത്തിന്റെ പോരാട്ടം 43.4 ഓവറിൽ 258 റൺസിൽ അവസാനിച്ചു. 80 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കിയാണ് കർണാടകയുടെ മുന്നേറ്റം. 

92 റൺസെടുത്ത വത്സൽ ഗോവിന്ദും 34 പന്തിൽ 52 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും മാത്രമേ കേരളത്തിനായി പിടിച്ചു നിന്നുള്ളു. കർണാടകയുടെ വമ്പൻ സ്കോർ മറികടക്കണമെങ്കിൽ മികച്ച തുടക്കം കേരളത്തിന് അനിവാര്യമായിരുന്നു. എന്നാൽ  സ്‌കോർ ബോർഡിൽ 15 റൺസ് എത്തിയപ്പോഴെ കേരളത്തിന് മിന്നുന്ന ഫോമിലുള്ള ഓപ്പണർ റോബിൻ ഉത്തപ്പയെയും (2), രോഹൻ കുന്നുമേലിനെയും (0) നഷ്ടമായി. ഉത്തപ്പ, റോണിത്തിൻറെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ് പകരം ടീമിലെത്തിയ രോഹൻ കുന്നുമ്മൽ റൺസെടുക്കാതെ മടങ്ങി. റോണിത്തിൻറെ അടുത്ത ഓവറിലാണ് രോഹൻ മടങ്ങിയത്.

മികച്ച തുടക്കമിട്ട വിഷ്ണു വിനോദിനെ (28) പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പർ ശരത്തിൻറെ കൈകളിലെത്തിച്ചു. ഇതോടെ മുൻനിര താരങ്ങളുടെ തകർച്ച പൂർണമായി. ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം (27) വത്സൽ ഗോവിന്ദ് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് കേരളത്തെ 100 കടത്തിയെങ്കിലും സച്ചിനെ മടക്കി ഗൗതം കർണാടകക്ക് വീണ്ടും മുൻതൂക്കം നൽകി.

സച്ചിൻ ബേബി മടങ്ങിയ ശേഷം ക്രീസിലെത്തിയ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി വത്സൽ ഗോവിന്ദ് പ്രതീക്ഷ നൽകിയെങ്കിലും റോണിത് മോറെയുടെ പന്തിൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകി വത്സൽ മടങ്ങിയതോടെ കേരളത്തിൻറെ പ്രതീക്ഷയും മങ്ങി. അസ്ഹറുദ്ദീനും ജലജ് സക്സേനയും (24) നടത്തിയ ചെറുത്തുനിൽപ്പിന് പരാജയഭാരം കുറക്കാനായെന്ന് മാത്രം. കർണാടകക്കായി റോണിത് മോറെ 36 റൺസ് അ‍ഞ്ച് വിക്കറ്റെടുത്തപ്പോൾ ശ്രേയസ് ഗോപാലും കെ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 338 റൺസ്. ക്യാപ്റ്റൻ ആർ സമർഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് കർണാടക കൂറ്റൻ സ്‌കോറിലെത്തിയത്. 43-ാം ഓവറിലാണ് കർണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിങ് വിക്കറ്റിൽ 249 റൺസ് ചേർത്തിരുന്നു ഇരുവരും. കർണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എൻ പി ബേസിലാണ്. ദേവ്ദത്ത് നേടുന്ന തുടർച്ചയായ നാലാം സെഞ്ച്വറിയാണിത്.

ദേവ്ദത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. ബേസിലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. 48ാം ഓവറിൽ ഇരട്ട സെഞ്ച്വറിക്ക് എട്ട് റൺസ് മാത്രം പിന്നിൽ നിൽക്കെ സമർഥും മടങ്ങി. മൂന്ന് സിക്‌സും 22 ഫോറും അടങ്ങുന്നതായിരുന്നു കർണാടക ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 

പിന്നാലെ ക്രീസിലെത്തിയ കെ ഗൗതം ആദ്യ പന്തിൽ മടങ്ങിയെങ്കിലും കർണാടക മികച്ച സ്‌കോർ പടുത്തുയർത്തിയിരുന്നു. മനീഷ് പാണ്ഡെ (20 പന്തിൽ 34), കെ വി സിദ്ധാർത്ഥ് (4) പുറത്താവാതെ നിന്നു. 10 ഓവർ എറിഞ്ഞ വെറ്ററൻ എസ് ശ്രീശാന്ത് 73 റൺസ് വിട്ടുകൊടുത്തു. ബേസിൽ തമ്പി ഏഴ് ഓവറിൽ 67 റൺസ് വഴങ്ങി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കർണാടകയ്ക്കായിരുന്നു ജയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com