'ആ രാത്രി മാഞ്ചസ്റ്റർ ചുവന്ന് തുടുത്തിരുന്നു'- ഇഷ്ട ടീമിന്റെ ഡെർബി വിജയം ആഘോഷിച്ച് യുവരാജ് സിങ്

'ആ രാത്രി മാഞ്ചസ്റ്റർ ചുവന്ന് തുടുത്തിരുന്നു'- ഇഷ്ട ടീമിന്റെ ഡെർബി വിജയം ആഘോഷിച്ച് യുവരാജ് സിങ്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടത്തിലെ മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്ത് യുനൈറ്റഡ് ഉജ്ജ്വല വിജയം സ്വന്തമാക്കി. 21 തുടർ വിജയങ്ങളും 28 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി സ്വന്തം തട്ടകത്തിൽ ഇറങ്ങിയ സിറ്റിയെ യുനൈറ്റഡ് അക്ഷരാർഥത്തിൽ തകർത്ത് തരിപ്പണമാക്കി. ബ്രൂണോ ഫെർണാണ്ടസ്, ലൂക്ക് ഷോ എന്നിവരുടെ ​ഗോളുകളിലാണ് യുനൈറ്റഡ് തകർപ്പൻ വിജയം സ്വന്തമാക്കിയത്. 

മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിജയം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിങും ആഘോഷമാക്കി. ഈ രാത്രി മാഞ്ചസ്റ്റർ ചുവന്നിരുന്നു എന്ന കുറിപ്പോടെയായിരുന്നു യുവിയുടെ പ്രതികരണം. യുനൈറ്റഡ് താരങ്ങൾ നന്നായ് കളിച്ചുവെന്നും യുവരാജ് അഭിനന്ദിച്ചു. യുനൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ലൂക്ക് ഷോ, റാഷ്ഫോർഡ്, ഹാരി മ​ഗ്വയ്ർ എന്നിവരെ ടാ​ഗ് ചെയ്തായിരുന്നു യുവിയുടെ കമന്റ്. 

കളി തുടങ്ങി 33ാം സെക്കൻഡിൽ തന്നെ യുനൈറ്റഡിന് പെനാൽറ്റി ലഭിച്ചത് നിർണായകമായി. ആന്റണി മാർഷലിനെ ജീസുസ് വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. ബ്രൂണോ എടുത്ത കിക്ക് കൃത്യം വലയിൽ. 

രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റിൽ ലൂക് ഷോ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിലൂടെ റാഷ്ഫോർഡിനൊപ്പം കുതിച്ച ഷോ റാഷ്ഫോർഡിന് പന്ത് കൈമാറി മുന്നേറി പാസ് തിരികെ സ്വീകരിച്ച് ഒരു ലെഫ്റ്റ് ഫൂട്ട് ഷോട്ടിലൂടെ എഡേഴ്സണെ കീഴ്പ്പെടുത്തി പന്ത് വലയിലിടുകയായിരുന്നു. മത്സരം സമനിലയിലെങ്കിലും എത്തിക്കാൻ സിറ്റി കിണഞ്ഞു ശ്രമിച്ചെങ്കിലും അതെല്ലാം യുനൈറ്റഡ് സമർഥമായി പ്രതിരോധിച്ചു.

പരാജയപ്പെട്ടെങ്കിലും സിറ്റി ഇപ്പോഴും ഒന്നാമത് നിൽക്കുന്നു. അവർക്ക്11 പോയിന്റെ ലീഡുണ്ട്. ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com