ഐഎസ്എല്‍: മുംബൈ സിറ്റി, എടികെ മോഹന്‍ബഗാന്‍ ഫൈനല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എടികെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റിയെ നേരിടും
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെ /ചിത്രം ട്വിറ്റര്‍
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെ /ചിത്രം ട്വിറ്റര്‍

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എടികെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റിയെ നേരിടും. ഇന്ന് നടന്ന രണ്ടാം പാദമത്സരത്തല്‍ 
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് റോയ് കൃഷ്ണയും സംഘവും കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറിന് മോഹന്‍ ബഗാന്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. 

മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മന്‍വീര്‍ സിങ്ങും ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ മലയാളി താരം വി.പി.സുഹൈര്‍ നേടി. ആദ്യ പാദ മത്സരത്തില്‍ ഇരുടീമുകളും 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. മാര്‍ച്ച് 13 ന് നടക്കുന്ന ഫൈനലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തന്നെ ഇത്തവണ ഫൈനലില്‍ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്. മോഹന്‍ ബഗാന്റെ മന്‍വീര്‍ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു.

ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നിരന്തരം ആക്രമിച്ച് കളിച്ച് നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതിപരത്താന്‍ മോഹന്‍ ബഗാന് സാധിച്ചു. 38ാം മിനിട്ടില്‍ മോഹന്‍ ബഗാന്‍ ലക്ഷ്യം കണ്ടു. ഡേവിഡ് വില്യംസാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. 67ാം മിനിട്ടില്‍ മന്‍വീര്‍ സിങ്ങിലൂടെ എ.ടി.കെ മോഹന്‍ ബഗാന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റോയ് കൃഷ്ണ നല്‍കിയ ലോങ് പാസ് സ്വീകരിച്ച മന്‍വീര്‍ സിങ് ബോക്‌സിലേക്ക് കുതിച്ച് രണ്ട് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ഇടംകാലുകൊണ്ട് തീയുണ്ട പോലൊരു ഷോട്ട് പായിച്ചു. മന്‍വീറിന്റെ ഷോട്ട് നോക്കിനില്‍ക്കാനേ ഗോള്‍കീപ്പര്‍ ചൗധരിയ്ക്ക് കഴിഞ്ഞുള്ളൂ. ഇതോടെ മോഹന്‍ ബഗാന്‍ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

73ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ തിരിച്ചടിച്ചു. 74ാം മിനിട്ടില്‍ മലയാളി താരം വി.പി.സുഹൈറാണ് ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ രണ്ടാം പകുതിയില്‍ ഇരുടീമീനും ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com