ആരാകും മുംബൈ സിറ്റിയുടെ ഫൈനലിലെ എതിരാളി? ഐഎസ്എൽ അവസാന സെമി ഇന്ന്; എടികെ മോഹൻ ബ​ഗാൻ- നോർത്ത്ഈസ്റ്റ് യുനൈറ്റഡ് നേർക്കുനേർ

ആരാകും മുംബൈ സിറ്റിയുടെ ഫൈനലിലെ എതിരാളി? ഐഎസ്എൽ അവസാന സെമി ഇന്ന്; എടികെ മോഹൻ ബ​ഗാൻ- നോർത്ത്ഈസ്റ്റ് യുനൈറ്റഡ് നേർക്കുനേർ
ഡേവിഡ് വില്ല്യംസ്- ഖസ്സ കമാറ/ ട്വിറ്റർ
ഡേവിഡ് വില്ല്യംസ്- ഖസ്സ കമാറ/ ട്വിറ്റർ

ഫത്തോർഡ: ഐഎസ്എൽ ഫൈനലിലേക്ക് നടാടെ മുന്നേറിയ മുംബൈ സിറ്റി എഫ്സിയുടെ എതിരാളികളായി എത്തുന്നത് ആരെന്ന് ഇന്നറിയാം. രണ്ടാം സെമി ഫൈനലിൽ ഇന്ന് നോർത്ത്ഈസ്റ്റ് യുനൈറ്റഡ് നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബ​ഗാനെ നേരിടും. വൈകീട്ട് ഏഴരയ്ക്കാണ് സെമി പോരാട്ടം. ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം. 

നേരത്തെ എഫ്സി ​ഗോവയെ രണ്ടാംപാദ സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മുംബൈ സിറ്റി എഫ്സിയുടെ കന്നി ഐഎസ്എൽ ഫൈനൽ പ്രവേശം. ആദ്യപാദത്തിൽ ഇരു ടീമുകളും 2-2ന് സമനില പാലിച്ച് പിരിഞ്ഞപ്പോൾ രണ്ടാംപാദത്തിലെ നിശ്ചിത സമയത്ത് മത്സരം ​ഗോൾരഹിതമായി. ഷൂട്ടൗട്ടിൽ 6-5നാണ് മുംബൈ വിജയം സ്വന്തമാക്കിയത്. 

ശനിയാഴ്ചയാണ് ഫൈനൽ. കിരീടം നിലനിർത്തുകയാണ് എടികെ മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. നോർത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ ലക്ഷ്യം ആദ്യ ഐഎസ്എൽ ഫൈനലാണ്. ആദ്യപാദ സെമിയിൽ ഇരു ടീമും ഓരോ ഗോൾ നേടി ഒപ്പത്തിനൊപ്പമായിരുന്നു. കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കേയായിരുന്നു ഹൈലാൻഡേഴ്‌സിന്റെ സമനില ഗോൾ.

എടികെയെ മറികടന്നാൽ ഐഎസ്എൽ ഫൈനലിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന നേട്ടം ഖാലിദ് ജമീലിന് സ്വന്തമാവും. ഹൈലാൻഡേഴ്‌സിനെ പോരാട്ടവീര്യമുള്ള സംഘമാക്കിയതാണ് ഖാലിദ് ജമീലിന്റെ മികവ്. കാസ കമാറ, ലൂയിസ് മച്ചാഡോ, ഫെഡറിക്കോ ഗാലഗോ, ഇഡ്രിസ സില്ല, മലയാളി താരം വിപി സുഹൈർ എന്നിവരുടെ പ്രകടനമാവും നോർത്ത്ഈസ്റ്റിന്റെ ഫൈനൽ പ്രവേശത്തിൽ നിർണായകമാവുക. 

കഴിഞ്ഞ ആറ് സീസണിനിടെ മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് എടികെ. ഗോളടി വീരൻ റോയ് കൃഷ്ണയുടെയും മൻവീർ സിങിന്റെയും മിന്നും ഫോമിനെ തടയുകയാവും ഹൈലാൻഡേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇവർക്കൊപ്പം പ്രീതം കോട്ടാൽ, ടിരി, പ്രണോയ് ഹാൾദർ, ലെന്നി റോഡ്രിഗസ്, മാഴ്സലീഞ്ഞോ, ഡേവിഡ് വില്യംസ് എന്നിവർകൂടി ചേരുമ്പോൾ എടികെ അതിശക്തർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com