‘ലോർഡ്സല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടനിൽ‘- വേദി മാറ്റം സ്ഥിരീകരിച്ച് സൗരവ് ​ഗാം​ഗുലി

‘ലോർഡ്സല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടനിൽ‘- വേദി മാറ്റം സ്ഥിരീകരിച്ച് സൗരവ് ​ഗാം​ഗുലി
ഇന്ത്യൻ ടീം/ ട്വിറ്റർ
ഇന്ത്യൻ ടീം/ ട്വിറ്റർ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന്റെ വേദി മാറ്റി. ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും പോരാടും. കലാശപ്പോരാട്ടം ഇം​ഗ്ലണ്ടിലെ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ വേദി സതാംപ്ടനിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. 

ഇന്ത്യ– ന്യൂസിലൻഡ് ഫൈനൽ മത്സരം ജൂൺ 18 മുതൽ 22 വരെ ലോർഡ്സിൽ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വേദി മാറ്റാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ, സതാംപ്ടണിലെ ആധുനിക സൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഐസിസി ഇതുവരെ ഔദ്യോഗികമായി വേദി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗാംഗുലി സ്ഥിരീകരിക്കുകയായിരുന്നു. മത്സരത്തിന്റെ തീയതിയിൽ മാറ്റമില്ല. 

നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 3–1ന് കീഴടക്കിയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് യോഗ്യത നേടിയത്. ‘ഫൈനലിൽ നമ്മൾക്ക് ന്യൂസിലൻഡിനെ കീഴടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫൈനലിനു മുൻപ് ന്യൂസിലൻഡ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകൾ കളിക്കും. ഐപിഎല്ലിനു ശേഷം ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം മികച്ചതാണെന്നും അജിൻക്യ രഹാനെ, വിരാട് കോലി, കോച്ച് രവി ശാസ്ത്രി, മറ്റു സ്റ്റാഫുകൾ തുടങ്ങിയ എല്ലാവർക്കും അർഹതപ്പെട്ടതാണ് ഈ വിജയത്തിന്റെ അവകാശം’– ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനെ പ്രത്യേകരം പ്രശംസിക്കാനും ഗാംഗുലി മറന്നില്ല. വീരേന്ദർ സേവാഗ്, യുവ്‌രാജ് സിങ്, മഹേന്ദ്രസിങ് ധോനി എന്നിവരെ പോലെ ഒരു ‘മാച്ച് വിന്നർ’ ആണ് അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷമായി പന്തിന്റെ കളി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിഭയിൽ സംശയമില്ലെന്നും ഗാംഗുലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com