'പന്ത് നോക്കാതെ അടിച്ചു പറത്താന്‍ അറിയാം', ഇഷാനെ വേറിട്ട് നിര്‍ത്തുന്ന ഘടകം ചൂണ്ടി ദിനേശ് കാര്‍ത്തിക്‌

'ടോപ് ഓര്‍ഡറില്‍ അതുപോലെയുള്ള കളിക്കാരെയാണ് വേണ്ടത്. ബൗളര്‍മാരില്‍ സമ്മര്‍ദം നിറയ്ക്കാന്‍ കഴിയണം'
ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍/ഫോട്ടോ: പിടിഐ
ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ മികവ് കാണിച്ച യുവതാരം ഇഷൻ കിഷനെ പ്രശംസയില്‍ മൂടി ദിനേശ് കാര്‍ത്തിക്. ഏത് വിധത്തിലുള്ള ഡെലിവറിയായാലും സിക്‌സ് പറത്താന്‍ തനിക്ക് കഴിയുമെന്ന ഇഷന്റെ ആത്മവിശ്വാസമാണ് മറ്റ് കളിക്കാരില്‍ നിന്ന് അവനെ വേറിട്ട് നില്‍ക്കുന്നതെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

രണ്ടാം ടി20യില്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇന്ത്യ ചെയ്‌സിങ് ആരംഭിച്ചത്. എന്നാല്‍ ഇഷന്‍ ആക്രമിച്ചതോടെ പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. സമ്മര്‍ദം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുകളിലേക്ക് നല്‍കി ഇഷന്‍ കളിച്ചപ്പോള്‍ അഞ്ച് ഫോറും, നാല് സിക്‌സുമാണ് അരങ്ങേറ്റ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരത്തില്‍ നിന്ന് വന്നത്. ഇഷന്‍ പുറത്താവുമ്പോള്‍ 10 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 94 റണ്‍സ്. 

ഉജ്വലമായ ഷോട്ടുകള്‍. തുടങ്ങിയ വിധം, ആത്മവിശ്വാസം എന്നിവയിലെല്ലാം ഇഷന്‍ വേറിട്ട് നിന്നു. ടോപ് ഓര്‍ഡറില്‍ അതുപോലെയുള്ള കളിക്കാരെയാണ് വേണ്ടത്. ബൗളര്‍മാരില്‍ സമ്മര്‍ദം നിറയ്ക്കാന്‍ കഴിയണം. ആദ്യ പന്ത് മുതല്‍ ഇഷന്‍ ജോഫ്ര ആര്‍ച്ചറെ സമ്മര്‍ദത്തിലാക്കി. അതൊരു നല്ല സൂചനയാണ്, കാര്‍ത്തിക് പറഞ്ഞു. 

ബാറ്റിങ് പങ്കാളിയില്‍ നിന്ന് വിരാട് കോഹ് ലി ആഗ്രഹിക്കും വിധമുള്ള ബാറ്റിങ്ങാണ് ഇഷാനില്‍ നിന്ന് വന്നതെന്നും കാര്‍ത്തിക് പറഞ്ഞു. കോഹ് ലിയുടെ ബാറ്റിങ്ങുമായി ഇഷാന്റേത് ഇണങ്ങുന്നു. 54 പന്തില്‍ നിന്ന് 94 റണ്‍സാണ് കോഹ് ലിയും ഇഷാനും ചേര്‍ന്ന് രണ്ടാം ടി20യില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com