‘തകർന്ന ബാഹുബലി’- വെടിക്കെട്ട് ബാറ്റിങുമായി വീണ്ടും ത്രസിപ്പിക്കുന്ന പ്രകടനം; യുവിക്ക് രാജകീയ വരവേൽപ്പ് (വീഡിയോ)

‘തകർന്ന ബാഹുബലി’- വെടിക്കെട്ട് ബാറ്റിങുമായി വീണ്ടും ത്രസിപ്പിക്കുന്ന പ്രകടനം; യുവിക്ക് രാജകീയ വരവേൽപ്പ് (വീഡിയോ)
യുവരാാജ് സിങ്
യുവരാാജ് സിങ്

റായ്പുർ: ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ ലെജൻഡ്സ് കിരീടം നേടിയത് പഴയ വെടിക്കെട്ട് വീരൻ യുവരാജ് സിങിന്റെ കരുത്തിൽ കൂടിയാണ്. ശ്രീലങ്ക ലെജൻഡ്സിനെതിരായ ഫൈനലിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ യുവ്‌രാജ് സിങ് ആയിരുന്നു. മത്സരത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലെജൻഡ്സ് കിരീടം ചൂടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി 41 പന്തിൽ 4 വീതം ഫോറും സിക്സുമടിച്ച് 60 റൺസാണ് യുവ്‌രാജ് നേടിയത്. 

മത്സര ശേഷം യുവി പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കിരീട നേട്ടത്തിനു ശേഷം ഹോട്ടലിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് രാജകീയ വരവേൽപ്പാണ് ജീവനക്കാർ ചേർന്നു നൽകിയത്. ഹോട്ടൽ ജീവനക്കാർ നൽകിയ ‘ഗാർഡ് ഓഫ് ഓണറിന്റെ’ വീഡിയോ യുവ്‌രാജ് സിങ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വാളുകൾക്കു പകരം നീണ്ട ഹാൻഡിലുള്ള പാൻ ഉയർത്തിപ്പിച്ചാണ് ജീവനക്കാർ നിന്നത്. സൂപ്പർഹിറ്റ് ചിത്രം ‘ബാഹുബലി’യിലെ ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുന്നുമുണ്ടായിരുന്നു.

‘തകർന്ന ബാഹുബലി’ എന്ന അടിക്കുറിപ്പോടെയാണ് യുവ്‌രാജ് വീഡിയോ പങ്കിട്ടത്. മത്സരത്തിനിടെ യുവിയുടെ കാലിനു പരിക്കേറ്റിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു താരത്തിന്റെ അടിക്കുറിപ്പ്. പരിക്കേറ്റ കാലിനു ബാൻഡേജ് ചുറ്റിയിരിക്കുന്നതും വീഡിയോയിൽ കാണാം. ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ പോസ്റ്റിനു താഴെ യുവിയെ അഭിനന്ദിച്ചു കൊണ്ട് കമന്റിട്ടിട്ടുണ്ട്. 

മത്സരത്തിൽ ഇന്ത്യക്കായി സച്ചിൻ 23 പന്തിൽ അഞ്ച് ഫോറുകളോടെ 30 റൺസെടുത്തു. സച്ചിൻ പുറത്തായ ശേഷം യുവിക്കു കൂട്ടായെത്തിയ യൂസഫ് പഠാൻ (62*) അടിച്ചു തകർത്തതോടെ ഇന്ത്യ മികച്ച സ്കോറിലേക്കു കുതിച്ചു. നാലാം വിക്കറ്റിൽ വെറും 47 പന്തിൽനിന്ന് 85 റൺസാണ് ഇരുവരും ചേർന്നു നേടിയത്. യുവ്‌രാജ് 41 പന്തിൽ 4 വീതം ഫോറും സിക്സുമടിച്ചു. യൂസഫ് 36 പന്തിൽ 4 ഫോറും 5 സിക്സുമടിച്ച് 62 റൺസോടെ പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com