​ഗാന്ധി- ജിന്ന ക്രിക്കറ്റ് പരമ്പര എന്ന ആശയം മുന്നോട്ടു വച്ചു; ബിസിസിഐ എതിർത്തു; വിവാദ വെളിപ്പെടുത്തൽ

​ഗാന്ധി- ജിന്ന ക്രിക്കറ്റ് പരമ്പര എന്ന ആശയം മുന്നോട്ടു വച്ചു; ബിസിസിഐ എതിർത്തു; വിവാദ വെളിപ്പെടുത്തൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും പാകിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെയും പേരിൽ ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരയെന്ന ആശയം നേരത്തെ മുന്നോട്ടു വച്ചപ്പോൾ എതിർത്തത് ബിസിസിഐ ആണെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു പരമ്പര നടത്താൻ ബിസിസിഐ താത്പര്യം കാണിച്ചില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) മുൻ തലവൻ സാക അഷ്റഫാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേപ്പോലുള്ള തീവ്ര ചിന്താഗതിക്കാരാണ് ഇത്തരം ആശയങ്ങൾ മുളയിലേ നുള്ളുന്നതെന്നും അഷ്റഫ് ആരോപിച്ചു. ക്രിക്കറ്റ് പാകിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് അഷ്റഫിന്റെ വിവാദ പ്രതികരണം. 

‘ഞാൻ പിസിബി പ്രസിഡന്റായിരുന്ന സമയത്ത് ഗാന്ധി – ജിന്ന പരമ്പരയെന്ന ആശയം ബിസിസിഐയ്ക്ക് മുന്നിൽ വച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും മഹാൻമാരായ നേതാക്കളുടെ പേരിലുള്ള ഈ പരമ്പരയ്ക്ക് ബിസിസിഐയുടെ അനുമതി ലഭിച്ചില്ല. ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേപ്പോലുള്ള തീവ്ര ചിന്താഗതിക്കാർ നിമിത്തമാണ് പിസിബിയുടെ ഈ ആശയം ബിസിസിഐ ഏറ്റെടുക്കാതിരുന്നത്’ – സാക അഷ്റഫ് ആരോപിച്ചു.

‘ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ആഷസ് പരമ്പര പോലെ ചരിത്രമായിത്തീരുമായിരുന്ന പരമ്പരയാണ് ഇതുവഴി നഷ്ടമായത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താനും ഈ പരമ്പര ഉപകരിക്കുമായിരുന്നു. ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് എന്നെന്നും ഓർമിക്കാനുതകുന്ന നിമിഷങ്ങളും ഈ പരമ്പരയിൽ പിറക്കുമായിരുന്നു’ – അഷ്റഫ് പറഞ്ഞു. 

ഇന്ത്യയിലും പാകിസ്ഥാനിലും കളിക്കാൻ താത്പര്യമില്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും നിഷ്പക്ഷ വേദികളിൽ കളിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും യുഎഇ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ വേദികൾ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com