സെഞ്ച്വറി കൂട്ടുകെട്ടുമായി തുടക്കത്തില്‍ കുതിപ്പ്; 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മടങ്ങിയത് മൂന്ന് പേര്‍; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

സെഞ്ച്വറി കൂട്ടുകെട്ടുമായി തുടക്കത്തില്‍ കുതിപ്പ്; 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മടങ്ങിയത് മൂന്ന് പേര്‍; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം
ധവാനും രോഹിതും ബാറ്റിങിനിടെ/ ട്വിറ്റർ
ധവാനും രോഹിതും ബാറ്റിങിനിടെ/ ട്വിറ്റർ

പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. 29 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി പരമ്പരയിലാദ്യമായി ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തതോടെ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. എന്നാല്‍, പിന്നീട് 18 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ തകരുകയും ചെയ്തു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 42 റണ്‍സോടെ ക്രീസില്‍ പൊരുതുന്നു. മൂന്ന് സിക്സുകൾ പറത്തി ഹർദ്ദികും മികച്ച ഫോമിൽ ബാറ്റ് വീശുന്നു. 12 പന്തിൽ 27 റൺസുമായി താരം പന്തിന് മികച്ച പിന്തുണ നൽകുന്നു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (37 പന്തില്‍ 37), ശിഖര്‍ ധവാന്‍ (56 പന്തില്‍ 67), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (10 പന്തില്‍ ഏഴ്), കെഎല്‍ രാഹുല്‍ (18 പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍മാരെ ആദില്‍ റഷീദും കോഹ്‌ലിയെ മോയിന്‍ അലിയും പുറത്താക്കി. ലിവിങ്സ്റ്റണിനാണ് രാഹുലിന്റെ വിക്കറ്റ്. 

ഓപ്പണിങ് വിക്കറ്റില്‍ 14.4 ഓവറില്‍ 103 റണ്‍സടിച്ചുകൂട്ടിയാണ് രോഹിത് - ധവാന്‍ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന്റെ പരാതി തീര്‍ത്ത ഇരുവരും ഓവറില്‍ ശരാശരി ആറ് റണ്‍സ് എന്ന നിലയിലാണ് മുന്നേറിയത്. 48 പന്തില്‍ ഇരുവരും ഇന്ത്യയെ 50 കടത്തി. അടുത്ത 50 റണ്‍സിലേക്ക് വേണ്ടിവന്നത് വെറും 36 പന്തുകള്‍ മാത്രം. അതിനിടെ 44 പന്തില്‍ ഒന്‍പത് ഫോറുകളോടെ ധവാന്‍ ഏകദിനത്തിലെ 32ാം അര്‍ധ ശതകം തികച്ചു.

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെന്ന് കരുതിയിരിക്കെയാണ് ആദില്‍ റഷീദ് കളി തിരിച്ചത്. പിന്നീട് വെറും 18 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍. 37 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ ക്ലീന്‍ ബൗള്‍ഡ്.

അധികം വൈകാതെ ധവാനും പുറത്തായി. കൃത്യമായ ഇടവേളകളില്‍ ഫോറുകള്‍ കണ്ടെത്തി സ്‌കോറുയര്‍ത്തിയ ധവാനെ റഷീദ് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 67 റണ്‍സായിരുന്നു സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com