ആവേശം അവസാന പന്തുവരെ; 7 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു; ഇന്ത്യയ്ക്ക് 'ട്രിപ്പിള്‍' നേട്ടം

9 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ടിന് 323 റണ്‍സ് മാത്രമാണ് നേടാനായത്‌.
ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനിടെ
ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനിടെ

പൂനെ: അത്യന്തം ആവേശം നിറച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സ് മറികടക്കാന്‍ സാംകരന്‍ അവസാന പന്തുവരെ പോരാടിയെങ്കിലും വിജയം നേടാനായില്ല. 7റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ നേട്ടം ഇന്ത്യ സ്വന്തമാക്കി. 

സാംകരനാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. 83 പന്തില്‍ നിന്ന് 95 റണ്‍സ് നേടി പുറത്താകാതെ നിന്നു. 3 സിക്‌സുകളും 9 ഫോറുകളും അടങ്ങുന്നതാണ് കരന്റെ ഇന്നിങ്‌സ്. ഡേവിഡ് മലാന്‍ അര്‍ധ സെഞ്ച്വുറി നേടി. 

28 റണ്‍സെടുക്കുന്നതിനിടെ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരെ ഇംഗ്ലണ്ടിന് നഷ്ടമായി. ജേസന്‍ റോയ് (14), ജോണി ബെയര്‍സ്‌റ്റോ (1) എന്നിവരാണ് പുറത്തായത്. പിന്നാലെ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ബെന്‍ സ്‌റ്റോക്ക്‌സിനെ (35) നടരാജന്‍ പുറത്താക്കി. തുടര്‍ന്ന് ക്യാപ്റ്റനെ ജോസ് ബട്ട്‌ലറെ (15) ശാര്‍ദുല്‍ താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 

നേരത്തെ തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തില്‍ നാല് ഫോറുകളടക്കം 37 റണ്‍സെടുത്ത രോഹിത്തിന് പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 67 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വൈകാതെ കെ.എല്‍ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് 157 എന്ന നിലയിലായി. 

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത്  ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 

62 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 78 റണ്‍സെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹാര്‍ദിക് 44 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 64 റണ്‍സെടുത്ത് പുറത്തായി. ശാര്‍ദുല്‍ താക്കൂര്‍ 21 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 25 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ടു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിര്‍ണാക മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പകരം പേസര്‍ ടി.നടരാജനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com