22കാരന്റെ അവിശ്വസനീയ പോരാട്ടം ഇന്ത്യയെ നിർത്തിയത് മുൾമുനയിൽ; അപൂർവ റെക്കോർഡ് സ്വന്തമാക്കി സാം കറൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 05:25 PM |
Last Updated: 29th March 2021 05:25 PM | A+A A- |
ഫോട്ടോ: ട്വിറ്റർ
പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസം വിജയിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. 330 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദർശകർ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ സ്കോർ 200 പോലും കടത്താൻ കഴിയുമോ എന്ന സംശയത്തിലായിരുന്നു. പക്ഷേ മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർ 322 റൺസ് എന്ന നിലയിലായിരുന്നു!
സാം കറൻ എന്ന 22 കാരന്റെ വീരോചിത ഇന്നിങ്സാണ് ഒരുവേള വിജയമെന്ന പ്രതീക്ഷ പോലും ഇംഗ്ലണ്ടിന് സമ്മാനിച്ചത്. എട്ടാമനായി ക്രീസിലെത്തിയ കറൻ 83 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്സും സഹിതം 95 റൺസോടെ പുറത്താകാതെ നിന്നു. ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഈ ഉജ്ജ്വല ബാറ്റിങിലൂടെ സാം കറൻ ഒരു റെക്കോർഡിനൊപ്പം എത്തി.
ഏകദിനത്തിൽ എട്ടാം നമ്പറിലോ അതിന് താഴെയോ ഒരു ബാറ്റ്സ്‌മാൻറെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡിനൊപ്പമാണ് സാം കറൻ എത്തിയത്. ഇംഗ്ലീഷ് സഹതാരം ക്രിസ് വോക്‌സ് 2016ൽ ലങ്കയ്‌ക്കെതിരെ 83 പന്തിൽ പുറത്താകാതെ 95 റൺസ് നേടിയതാണ് നേരത്തെയുണ്ടായിരുന്ന റെക്കോർഡ്. ഇതിനൊപ്പമാണ് കറനും തന്റെ പേര് എഴുതി ചേർത്തത്.
അർധ സെഞ്ച്വറി നേടിയ ഡേവിഡ് മലാൻ പുറത്തായതോടെ 26-ാം ഓവറിലാണ് സാം കറൻ ക്രീസിലെത്തുന്നത്. ഈസമയം 168-6 എന്ന നിലയിൽ തകർച്ച നേരിടുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യ അനായാസം ജയിക്കുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ മത്സരം അവസാന ഓവറിലെ ആവേശപ്പോരിലേക്ക് നീട്ടി 22കാരനായ കറൻറെ ഒറ്റയാൾ പോരാട്ടം. 45 പന്തിൽ അർധ സെഞ്ച്വറി തികച്ച താരം പിന്നീട് ബൗണ്ടറികളുമായി ഇംഗ്ലണ്ടിനെ ജയത്തിന് അരികെയെത്തിക്കുകയായിരുന്നു. പക്ഷേ ടീമിന് വിജയവും പരമ്പരയും സമ്മാനിക്കാൻ താരത്തിന് സാധിച്ചില്ല. എങ്കിലും അവിശ്വസനീയ പോരാട്ടം നടത്തിയ താരത്തെ കൈയടികളോടെയാണ് ക്രിക്കറ്റ് ലോകം വരവേറ്റത്.